2011, ജനു 11

സ്വർഗ്ഗവഴി

സ്വർഗ്ഗവഴി

നക്ഷത്രങ്ങളിൽനിന്ന് പ്രകാശമൊഴുകി
നക്ഷത്രങ്ങളിലേയ്ക്കു വിരൽചൂണ്ടി
ഒന്നാം പുരോഹിതൻ പറഞ്ഞു:
“സ്വർഗ്ഗത്തിലേയ്ക്കുള്ള നേരായ വഴി
നിനക്കു ഞാൻ ഉപദേശിച്ചുതരാം”

ഞാൻ ചോദിച്ചു:
“സ്വർഗ്ഗത്തിൽ
ബുദ്ധനും ഗാന്ധിയുമുണ്ടായിരിക്കുമോ?”

“ഉണ്ടാവില്ല!
വ്യത്യസ്തമായിരുന്നല്ലോ
അവരുടെ മാർഗ്ഗം”
പുരോഹിതനു സംശയമേതുമില്ല.

എനിക്കു സ്വർഗ്ഗവഴി ഉപദേശിച്ച
രണ്ടാം പുരോഹിതനോട് ഞാൻ ആരാഞ്ഞു:
“ഉമറും കബീറുമുണ്ടാകുമോ ആ സ്വർഗ്ഗത്തിൽ?”

“ഇല്ലല്ലോ!
അവർ സഞ്ചരിച്ചത്
ഈവഴിയേയായിരുന്നില്ലല്ലോ”
ദ്ര്ഢവിശ്വാസിയായിരുന്നു രണ്ടാം പുരോഹിതനും”

മൂന്നാം പുരോഹിതനും ഉത്സുകനായിരുന്നു
എന്നെ സ്വർഗ്ഗത്തിലേയ്ക്കു നയിക്കുവാൻ

“അങ്ങയുടെ സ്വർഗ്ഗത്തിൽ
തെരേസയും ദാമിയനുമുണ്ടായിരിക്കുമോ?”

“അവർ പാഴ്വഴിയേപോയവർ“
ഉറപ്പായിരുന്നു മൂന്നാം പുരോഹിതനും

നാലാമനേയും അഞ്ചാമനേയും
ആറാമനേയും അവഗണിച്ച്
നരകയാത്ര തുടരവേ
എനിക്കു ബോധോദയമുണ്ടായി

എന്റെ ചോദ്യങ്ങൾ
പരസ്പരം മാറിപ്പോയിരിക്കുന്നു!
ചോദ്യങ്ങളെയും പുരോഹിതരേയും
ചേരുമ്പടി ചേർത്തിരുന്നെങ്കിൽ




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ