2011, ജനു 16

viraham

വിരഹം

കറുത്ത പശ്ചാത്തലത്തിൽ
വെള്ളിപോൽ തിളങ്ങുന്ന ജലചാലിലൂടെ
തോണി തുഴഞ്ഞു പോകുന്നത്
സ്വപ്നം കണ്ട ഒരു രാത്രിയിൽ
എനിക്കു നിന്നെക്കുറിച്ച്
വിരഹതാപമുണ്ടായി.

ഞെട്ടിയുണർന്ന്
ടെറസ്സിൽ വന്നുനോക്കിയപ്പോൾ
സന്ദേശപ്പിറാവുപോലെ 
നിന്റെ ചന്ദ്രൻ
മണൽക്കുന്നിന്മുകളിലേയ്ക്ക്
ചിറകുതുഴഞ്ഞു വന്നിരുന്നു.
മുയൽച്ചെവികൾക്കിടയിൽ
നിന്റെ കണ്ണുകൾ പ്രതിഫലിച്ചിരുന്നു.

ഞാൻ ഡയൽ ചെയ്തപ്പോൾ
ഫോണെടുക്കാൻ നീ
അകത്തേയ്ക്കോടിതുകൊണ്ടാവാം
ചന്ദ്രന്
നിന്റെ കണ്ണുകൾ നഷ്ടപ്പെട്ടുവല്ലോ!!
 




1 അഭിപ്രായം: