2011, ഫെബ്രു 11

URINCAN

യൂറിൻ ക്യാൻ
=====================

കൊറോണറികെയർ യൂനിറ്റിലെ
കണ്ടീഷന്റ് എയറിൽ
വിറച്ചു കിടക്കുമ്പോഴാണ്
നിന്നെ ഞാൻ
വീണ്ടും കണ്ടുമുട്ടുന്നത്

അർധതാര്യമായ
ഇളം പച്ച പ്ലാസ്റ്റിക്കിൽ
യോനീനാളത്തിന്റെ വടിവിയന്ന നീ
കൂടുതൽ സുന്ദരിയായിരിക്കുന്നു.

അഴകില്ലാത്തവനേയും
അച്ഛായെന്നു വിളിക്കാൻ
സന്മനസ്സുകാട്ടുന്ന
പച്ചയിട്ട പെൺകുട്ടിയുടെ
കയ്യിൽത്തൂങ്ങി
നീയെന്റെ ശയനത്തിലേയ്ക്കുവന്നു.

മണിയറയുടെ
തുണിമറകൾ വലിച്ചിട്ട്
സോദരിയായവൾ മാറിനിന്നു.

കറുത്ത പർദയണിഞ്ഞ്
പുറത്തു കാത്തിരിക്കുന്ന
സതീരത്നമായ
സഹധർമ്മിണിയുടെ കണ്ണുവെട്ടിച്ച്
വശംവദയായ വേശ്യയെപ്പോലെ
ഉടലോടുനീ ചേർന്നുകിടന്നു.

ചിതപരിചിതമായ
കലാവൈഭവത്തോടെ
ജീവശ്രവങ്ങൾ
ഗർഭപാത്രത്തിലേയ്ക്കേറ്റുവാങ്ങുമ്പോൾ
നിന്നിൽ
ഒർഗാസത്തിന്റെ പുളകമുണരുന്നത്
ഞാനറിയുന്നു.

ഓക്സിജൻ മാസ്ക്കും
ഡ്രിപ്പ് ട്യൂബും
മോണിറ്റർ വയറുകളും കൊണ്ട്
അഴികളിട്ട ഇരുമ്പുകട്ടിലിൽ
വരിഞ്ഞുകെട്ടപ്പെട്ട എനിക്ക്
നീയൊരു എയ്ഡാണല്ലോ.

സുഭഗേ
എങ്കിലും ചോദിക്കട്ടെ..
എനിക്കുനീ പകരംതരാൻ പോകുന്നത്
എയ്ഡ്സോ.. സിഫിലിസോ??!
=====================================




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ