2011, ഡിസം 20

വൃത്തലക്ഷണം ഉദാഹരണം

mozhiyaay aaluvon mozhiyalan
 

വൃത്തലക്ഷണം ഉദാഹരണം
--------------------------------------------
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
------------------------------------------------------------------

പ്രാചീനമനുഷ്യന്‍റെ സര്‍ഗ്ഗഭാഷ ഛന്ദോബദ്ധമായത് ജീവിതത്തിന്‍റെ താളക്രമത്തില്‍നിന്നുമാണ്. ജീവിതതാളം അദ്ധ്വാനത്തിന്‍റെ താളമാണ്. ഇത് പ്രകൃതിയുടെ താളത്തില്‍നിന്നും ജൈവരൂപങ്ങളിലേയ്ക്കു പകര്‍ത്തപ്പെടുന്നതാണ്. പ്രകൃതിതാളം പ്രപഞ്ചതാളത്തിനനുഗുണമായി രൂപം പ്രാപിക്കുന്നു. ആദിയില്‍ വചനമുണ്ടായെന്ന സങ്കല്പം എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്ന ദര്‍ശനമാണല്ലോ കേവലത്വത്തില്‍നിന്നും ഉരുവംകൊണ്ട പ്രാധമികമായ ഊര്‍ജ്ജരൂപം താളനിബദ്ധമായ ധ്വനിതന്നെയാണെന്നാണ് ആധുനികശാസ്ത്രംപോലും ചെന്നെത്തിയിരിക്കുന്ന നിഗമനം. പ്രപഞ്ചോല്പത്തികാരണമായ ഊര്ജ്ജത്തിന്‍റെ ശബ്ദരൂപമാണല്ലോ മഹാവിസ്ഫോടനം.

നിശ്ചിത മാത്രകളില്‍ ആവര്‍ത്തിച്ചുവരുന്ന താളനിബന്ധമായ ശബ്ദമാണ് വൃത്തമായി രൂപംപ്രാപിക്കുന്നത്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ പക്ഷികളും മൃഗങ്ങളും പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ താളനിബദ്ധവും മാത്രാബന്ധവുമായിരിക്കും. ഉദാഹരണമായി എല്ലാ കോഴികളും കൂവുന്നത് കൊക്കരക്കോ എന്നാണല്ലോ. എന്നാല്‍ ഓരോ കോഴിയുടെയും  ശ്വാസകോശവലിപ്പവും ഇനവും അനുസരിച്ച് കൂവലിന്റെ മാത്രകള്‍ വ്യത്യസ്തമെങ്കിലും കൃത്യമായിരിക്കും. അത് അതിന്‍റെ സ്വന്തം വൃത്തമാണ്, സന്ദര്‍ഭമനുസരിച്ച് വ്യത്യസ്‌ത വൃത്തങ്ങളില്‍ പാടുന്ന പക്ഷിയാണ് കാക്കത്തന്പുരാട്ടി. അതിന്‍റെ ഒരൊ പാട്ടിനും കൃത്യമായ മാത്രാബന്ധമാണുള്ളതെന്ന് ശ്രദ്ധയോടെ കേട്ടാല്‍ മനസ്സിലാകും. അദ്ധ്വാനത്തിന്‍റെ വ്യത്യസ്തമേഖലകളില്‍ വ്യാപൃതനാകുന്ന മനുഷ്യന്‍ പുറപ്പെടുവിക്കുന്ന വായ്ത്താരികളും താളാത്മകമാണ്. വിശ്രമവേളകളില്‍ ഇതേ താളങ്ങള്‍ സര്‍ഗ്ഗാത്മകമായി പുനസൃഷ്ടിക്കപ്പെട്ടതാണ് നാടന്‍ പാട്ടുകള്‍. സംസ്കൃതമടക്കമുള്ള എല്ലാ വൃത്തങ്ങളും ഇത്തരം നാടന്‍ പാട്ടുകളിനിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ്.

പാഠഭേദം കൂടാതെ തലമുറകളിലേയ്ക്ക് അറിവ് പകര്‍ന്നുനല്കാന്‍ വാമൊഴിമാത്രം ഉപാധിയായിരുന്നതുകൊണ്ടാവാം പ്രാചീനമനുഷ്യരുടെ സംഭാഷണങ്ങള്‍പോലും ഛന്ദോബന്ധമായിത്തീര്‍ന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തില്‍നിന്നുണ്ടാകുന്ന താളബോധത്തില്‍നിന്നാണ് ഈ ഛന്ദസ്സുകള്‍ ഉരുവമായിട്ടുള്ളത്. നായാട്ടിലും കന്നുകാലിവളര്‍ത്തലിലും അധിനിവേശയാത്രകളിലും നിരന്തരമായി മുഴുകിയിരുന്ന ആര്യന്മാരുടെ കൃതികളേറെയും രചിക്കപ്പെട്ടിട്ടുള്ളത് അനുഷ്ടുഭ വൃത്തത്തിലാണെന്നു കാണാന്‍ കഴിയും. ദൈനംദിനസംഭാഷണവുമായി വളരെയധികം അടുപ്പമുള്ള ഈ വൃത്തം അശ്വഗതിയുടെ താളവുമായി ഏറെ ഇണങ്ങുന്നതാണ്. ആരോഗ്യശാസ്ത്രവും ജ്യോതിശ്സ്ത്രവുമടക്കമുള്ള വിജ്ഞാനസാഹിത്യങ്ങള്‍ തലമുറകളിലേയ്ക്ക് പകര്‍ന്നുനല്‍കാന്‍ ഉപയോഗിച്ചത് അനുഷ്ടുപ്പ് വൃത്തത്തിലുള്ള ശ്ലോകങ്ങളായിരുന്നു. അനായാസേന ഹൃദിസ്തമാക്കാവുന്നവിധം ലാളിത്യവും അതോടൊപ്പംതന്നെ പാഠഭേദങ്ങള്‍ സൃഷ്ടിക്കുവാന്‍ എളുപ്പം സാധിക്കാത്തവിധം സുദൃഢമായ രൂപഘടനയും ഈ വൃത്തത്തിനുണ്ട്. ഉത്തരകേരളത്തിലെ തീയ്യസമുദായക്കാരുടെ പൂരക്കളിയില്‍ കൈത്താളത്തിനും കാല്‍താളത്തിനും വായ്ത്താരിക്കുമൊപ്പം അനുഷ്ടുഭവൃത്തത്തിലുള്ള കവിതകള്‍ സമന്വയിക്കുന്നത് അത്ഭുതകരമായ അനുഭവമാണ്.

പാഠഭേദങ്ങളെ പ്രതിരോധിക്കാന്‍ കെല്പുള്ള വാര്‍പ്പുമാതൃകകളാണ് സംസ്കൃതവൃത്തത്തില്‍ രചിക്കപ്പെട്ട ശ്ലോകങ്ങളേറെയും. ലഘുഗുരുക്കള്‍ക്കു സ്ഥാനഭേദം സംഭവിച്ചാല്‍ ഗണംതന്നെ മാറിപ്പോകുംവിധം ഗണിതബദ്ധമാണ് സംസൃകൃതവൃത്തങ്ങള്‍. വിനിമയം ചെയ്യപ്പെടുന്പോള്‍ സംഭവിക്കാവുന്ന തെറ്റുകള്‍ വൃത്തഭംഗം നോക്കി കണ്ടെത്താനും പരിഹരിക്കാനും ഇതിലൂടെ സാധിക്കുന്നു. കണ്ണികള്‍തമ്മില്‍ കോര്‍ത്തിണക്കിയ ഉരുക്കുചങ്ങലകള്‍പോലെ ദൃഢതയുള്ളവയാണവ. വേദങ്ങളും ഇതിഹാസങ്ങളുമൊക്കെ ഇന്നുകാണുന്നരീതിയില്‍ ലിഖിതരൂപം കൈവരിച്ചത് ഗുപ്തകാലഘട്ടങ്ങളിലാണെന്നാണ് പല ഗേഷകരും അഭിപ്രായപ്പെടുന്നത്. തലമുറകള്‍ വാമൊഴിയിലൂടെ കൈമാറ്റംചെയ്തിട്ടും സംസ്കൃത കാവ്യങ്ങള്‍ പാഠഭേദംകൂടാതെ നിലനിന്നത് അവയുടെ ദൃഢമായ വൃത്തബദ്ധതകൊണ്ടാണ്.

അശ്വഗതിയുടെ താളത്തിലുള്ള ആര്യന്മാരുടെ നാടന്‍പാട്ടുകളാണ് വൃത്തബദ്ധമായ വേദമന്ത്രങ്ങളായി രൂപം കൈവരിച്ചതെന്ന് സൂചിപ്പിച്ചുവല്ലോ. ഓരോ ഭാഷയിലും അവയുടെ ഭാവങ്ങള്‍ക്കനുഗുണമായ ഈണങ്ങളാണ് നാടന്‍പാട്ടുകളിലൂടെ രൂപംകൊള്ളുന്നത്. ദ്രാവിഡഭാഷകളിലെ ഈണങ്ങള്‍ മാത്രാനുസാരിയായതും അതുകൊണ്ടുതന്നെ.
പ്രകൃതിതാളത്തിനനുഗുണമായി കവിമനസ്സില്‍ സൃഷ്ടിക്കപ്പെടുന്ന താളബോധത്തില്‍ നിന്നാണ് കവിതയില്‍ ഈണങ്ങള്‍ വാര്‍ന്നുവീഴുന്നത്. കവിത രൂപപ്പെടുന്പോള്‍ ശബ്ദങ്ങള്‍ വൃത്തത്തില്‍ അടുക്കപ്പെടുന്നത് തികച്ചും ബോധപൂര്‍വമല്ലാത്ത സര്‍ഗ്ഗപ്രക്രിയയിലൂടെയാണ്. ഇങ്ങനെവൃത്തങ്ങള്‍ രൂപപ്പെട്ടതിനുശേഷമാണ് അവയ്ക്ക് ലക്ഷണശാസ്ത്രങ്ങള്‍ ഉണ്ടായിട്ടുള്ളത്. ജൈവഭാഷകളില്‍ വ്യാകരണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും വ്യവഹാരഭാഷയ്ക്കു പിറകെയാണല്ലോ. എഴുത്തച്ഛനും ചെറുശ്ശേരിയുമൊക്കെ വ്യത്യസ്ത ഈണങ്ങളില്‍ കവിതകള്‍ രചിച്ചതിനുശേഷമാണ് വൈയാകരണന്മാര്‍ കേകയുടെയും കാകളിയുടെയും കളകാഞ്ചിയുടെയും അന്നനടയുടെയും മഞ്ജരിയുടെയുമൊക്കെ ലക്ഷണങ്ങള്‍ നിരണ്ണയിച്ചതും അവയ്ക്ക് നാമകരണം ചെയ്യപ്പെട്ടതും.  ഹൃദയത്തില്‍ സംഗീതമുള്ള കവി അക്ഷരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടല്ല വൃത്തത്തില്‍ കവിതകള്‍ എഴുതുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ. കവിതയുടെ നൈസര്‍ഗ്ഗികമായ രൂപഭാവഘടനയുടെ ഭാഗംതന്നെയാണ് സ്വാഭാവികമായി വാര്‍ന്നുവീഴുന്ന ഛന്ദസ്സും.

വൃത്താലങ്കാരങ്ങള്‍ ഉരിഞ്ഞെറിയുന്ന പ്രവണതയാണല്ലോ പുതിയ കാലത്ത് കവിതകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ സന്ദര്‍ഭത്തി വൃത്തശാസ്ത്രത്തെപ്പറ്റി ചര്‍ച്ചചെയ്യുന്നത് തികച്ചും വ്യര്‍ത്ഥമായ ഒരു ധൈഷണിക വ്യായാമമായി തോന്നാം.
എന്നാല്‍ സാഹിത്യത്തിലെ ഹ്രസ്വമായ ഒരു കാലികപ്രവണതയെ അടയാളപ്പെടുത്തി പുതുകവിത എന്നു പേരുനല്‍കുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്. നിനച്ചിരിക്കാതെ നരച്ചുപോയവരാണ് മിക്കവാറും പുതുകവികളും. പുതുകവിത മരിച്ചുപോയ ശ്രീ എ അയ്യപ്പനെ കടന്ന് മുന്നോട്ടുപോയിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. എന്നാല്‍ വൃത്താലങ്കാര നിബന്ധമായ കവിതകള്‍ തുടര്‍ന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു പ്രസ്ഥാനത്തിന് പുതു എന്ന് പേരുവിളിക്കുന്നതിലെ ഔചിത്യമില്ലായ്മ ഇതില്‍നിന്നും വ്യക്തമാണല്ലോ. അഞ്ചോ പത്തോ കൊല്ലങ്ങക്കുശേഷം ഈ പുതു ഏതു പഴഞ്ചാക്കിലാണ് അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് വിവേചിച്ചറിയാന്‍തന്നെ വിഷമമായിരിക്കും.

ആധുനികത തുടങ്ങിയ മലയാളത്തിലെ മറ്റു പ്രസ്ഥാനസംജ്ഞകളും ഭാഷാപരമായ ഇതേ ധൈഷണികപരിമിതി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടല്ലോ. കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ വൃത്തശാസ്ത്രനിബന്ധനക്കുചേര്‍ന്നെഴുതുന്ന വാക്യമെല്ലാം കാവ്യമാകുമെന്നോ പറഞ്ഞുകൂടാത്തതാണെന്ന് കേരളപാണിനിതന്നെ പറഞ്ഞിട്ടുണ്ട്. പദ്യലക്ഷണം വൃത്തശാസ്ത്രത്തെയും കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തെയും ആശ്രയിച്ചാണ് നില്ക്കുന്നതെന്ന് വൃത്തമഞ്ജരിയുടെ ആരംഭത്തില്‍ത്തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. വളരെ മുന്പുതന്നെ മലയാളത്തില്‍ ഗദ്യകവിതകള്‍ പ്രചാരത്തിലുണ്ടായിരുന്നു. വൃത്തലംഘനം പുതുകവിതയുടെ ലക്ഷണമായി എടുത്തുകാണിക്കുന്നതിലെ പൊരുത്തക്കേട് ഇതിനിന്നും വ്യക്തമാണ്. ഇ-യുഗത്തില്‍ വൃത്തശാസ്ത്രവും കന്പ്യൂട്ടര്‍വല്‍ക്കരണത്തിനു വിധേയമായിത്തുടങ്ങിയിട്ടുണ്ട്. കവിതകളിലെ വൃത്തം നിര്‍ണ്ണയിക്കാനുള്ള സോഫ്റ്റ്‌വെയര്‍ വരെ പ്രചാരത്തില്‍ വന്നിരിക്കുന്നു. മാത്രാപ്രധാനമായ ദ്രാവിഡ വൃത്തങ്ങളില്‍ ഇത് എത്രമാത്രം ഫലപ്രദമാണെന്ന് പറയാന്‍ പറ്റില്ല.
.
സൂക്ഷ്മനിരീക്ഷകനായിരുന്ന ശ്രീ വക്കം അബ്ദുല്‍ഖാദര്‍ തന്‍റെ തൂലികാ ചിത്രത്തില്‍ ചങ്ങമ്പുഴയെപ്പറ്റി പറഞ്ഞത് പ്രത്യേകം പ്രസ്താവൃമാണ്. ചങ്ങമ്പുഴ പാടുന്പോള്‍ നമ്മുടെ മഹാകവിതകള്‍ ഉള്‍പ്പെടെ കേരളത്തിലെ കണക്കറ്റ കവികളില്‍ ഭൂരിഭാഗവും തങ്ങള്‍ പാടുകയല്ല പറയുകയാണ് ചെയ്തിട്ടുള്ളതെന്നു വിചാരിച്ച് തങ്ങളുടെ ഭാഗൃഹീനതയില്‍ സങ്കടപ്പെടുന്നു...’’ വൃത്തനിബദ്ധതയ്ക്കുപോലും കവിതയില്‍ താളം സൃഷ്ടിക്കാനുള്ള കഴിവില്ലായ്മയെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. മനസ്സില്‍ സംഗീതമുള്ള കവിക്കുമാത്രമേ കവിതയില്‍ സംഗീതത്തിന്‍റെ മധുരം നിറയ്ക്കാന്‍ കഴിയുകയുള്ളൂ. വൃത്തത്തില്‍ എഴുതിയ പല കവികളും പറച്ചില്‍ക്കവികളായിപ്പോയത് അതിനാലാണ്. വൃത്തനിബദ്ധമായ കവിതകളോടൊപ്പം വളരെ മുമ്പുതന്നെ ഗദ്യകവിതകളും മലയാളത്തില്‍ പ്രചാരത്തലുണ്ടായിരുന്നുവെങ്കിലും അവ ഗദ്യകവിത എന്ന പേരില്‍ത്തന്നെയാണ് നിലനിന്നത്. അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും മറ്റും വിശ്വകവിതകള്‍ വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വൃത്തം ഭേദിച്ചുകൊണ്ട് ആശയങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ പര്യപ്തമായ ഒരു പുതിയ കാവ്യഭാഷ രൂപംപ്രാപിച്ചുവന്നു. പുതുകവിതയെ വൃത്തഭംഗത്തിലേക്ക് നയിച്ച ഒരു പ്രധാന കാരണം ഇതാണ്‌.

തര്‍ജ്ജമയില്‍നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത എന്ന് ഒരു പണ്ടിതന്‍ പറഞ്ഞിട്ടുണ്ട്. ചങ്ങമ്പുഴ കീറ്റ്സിനെയോ ഷെല്ലിയേയോ ബൈറണേയോ ടെന്നിസണേയോ തര്‍ജ്ജമ ചെയ്താലും അതില്‍ ചങ്ങമ്പുഴയെത്തന്നെയാണ് മലയാളി വായനക്കാരന് വായിച്ചെടുക്കാന്‍ പറ്റുക. ശങ്കരക്കുറുപ്പിന്‍റെതടക്കമുള്ള ഗീതാഞ്ജലി വിവര്‍ത്തനങ്ങള്‍ പരിശോധിച്ചാലും ഇത് വ്യക്തമാവും.  അന്യഭാഷാകാവ്യങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്പോള്‍ ദ്രാവിഡ വൃത്തങ്ങള്‍ സ്വീകരിച്ചതുകൊണ്ടുകൂടിയാണ് ഇതു സംഭവിച്ചത്. മലയാളത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ താളക്രമം അനുസരിക്കുന്ന മറ്റു ഭാഷാകാവ്യങ്ങള്‍ ഭാവപൂര്‍ണ്ണതയോടെ ആവിഷ്കരിക്കുന്നതിന് പരന്പരാഗത ഛന്ദസ്സുകള്‍ ബാദ്ധ്യതതന്നെയാണ്. ഈ പരിമിതിയെ അതിജീവിക്കാന്‍ അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും മറ്റും സൃഷ്ടിച്ചെടുത്ത കാവ്യഭാഷ മലയാളത്തിന്റെ പുതിയ കാവ്യഭാഷയായി മാറുകയാണു ണ്‍ടായത്. ഇത് കവിതയില്‍ ഒരു കലാപംതന്നെ സൃഷ്ടിക്കുകയും വൃത്തത്തില്‍ എഴുതാന്‍ കഴിവില്ലാത്ത നിരവധിയാളുകള്‍ കവിതയുമായി അരങ്ങേറ്റംകുറിക്കുകയും ചെയ്തു. ഇത് കവിതയ്ക്കു ഗുണവും ദോഷവും ഉണ്‍ടാക്കിയിട്ടുണ്‍ട്.

തനതായ വൃത്താലങ്കാരങ്ങള്‍ ഏതൊരു കാവ്യഭാഷയുടെയും സാംസ്കാരിക സന്പത്താണ്. ആഗോളവല്‍ക്കരണകാലത്ത് വിപണിനിയന്ത്രിത സാമൂഹികവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്പോള്‍ പ്രാദേശികസംസ്കാരങ്ങള്‍ ഉന്മൂലനം ചെയ്യേണ്‍ടത് നിക്ഷിപ്തതാത്പര്യത്തിന്‍റെ അജണ്ടയുടെ ഭാഗമാണ്. കവിതയിലെ വൃത്താലങ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള തനതുമൂല്യങ്ങളെ നിഷേധിക്കലും ഇതിന്റെ ഭാഗംതന്നെ. ആഗോളമായ ഒരു കാവ്യഭാഷ ഉരുത്തിരിച്ചെടുക്കാന്‍ പ്രാദേശികഭാഷകളിലെ തനിമയുടെ ഈടുവയ്പ്പുകളെ തകര്‍ത്തെറിയുന്പോള്‍ ഭാഷയുടെതന്നെ കടയ്ക്കല്‍ കത്തിവെക്കുന്ന പ്രവര്‍ത്തനത്തിലാണ്‌ അറിഞ്ഞോ അറിയാതെയോ നാമും പങ്കാളികളാകുന്നത്. പുതുമകള്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം കാവ്യഭാഷാപാരന്പര്യത്തിലെ തനിമകളും സംരക്ഷിക്കപ്പെടേണ്ടത് മാതൃഭാഷയേയും സംസ്കാരത്തേയും മരണത്തില്‍നിന്നും സംരക്ഷിക്കുന്ന കവികര്‍മ്മത്തിന്‍റെ ഭാഗമായിത്തീരുന്നത് അതുകൊണ്ടാണ്. പുതുകവികള്‍ വൃത്തനിബന്ധമായ കവിതകളെ ആകൃതിക്കവിതകള്‍ എന്നു പുച്ഛിക്കുന്പോള്‍ നിഷേധിക്കുന്നത് എഴുത്തച്ഛനും കുമാരനാശാനുമുള്‍പ്പെടെയുള്ള മലയാളകാവ്യപാരന്പര്യത്തെ യാണെന്നത് പരിതാപകരം തന്നെ. വികൃതിക്കവികള്‍ ആകൃതിക്കവികളെ നിഷേധിക്കുന്നത് മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുന്ന പുതുകാലപ്രവണതയുടെ സാംസ്കാരികരൂപം എന്നുമാത്രമേ പറയാന്‍ കഴിയൂ. അകം മാസികയുടെ ഓണപ്പതിപ്പില്‍ ഞാനെഴുതിയ ഒരു വികൃതിക്കവിത ഈ സന്ദര്‍ഭത്തില്‍ ഇവിടെ ഉദ്ധരിക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു.

ആകൃതികളെ
പഴിക്കും
വികൃതികള്‍
വികൃതി മാറാതെ
മുതിര്‍ന്നുപോയവര്‍
പിതൃക്കളെ വൃദ്ധ-
ഗൃഹങ്ങളില്‍ തള്ളും
പുതുപ്പിറവികള്‍
നിനച്ചിരിക്കാതെ
നരച്ചുപോയിവര്‍!.
--------------------------------------------------------------------------------------------------------------------------------------------------                                

SUBRAMANIAN KUTTIKKOL, P. O. KUTTIKKOL, TALIPARAMBA.
KANNUR DST. PHONE- 9495723832.




2 അഭിപ്രായങ്ങൾ:

  1. പടനാര്‍ഹം ......ഈ ചെറിയ ലേഖനത്തില്‍ വ്യാകരണം തെ കുറിച്ചുള്ള ഒരു അവബോതം ....പ്രശംസിനിയം ...............നന്ദി ,എല്ലാ ഭാവുഗങ്ങളും നേരുന്നു ...............

    മറുപടിഇല്ലാതാക്കൂ
  2. പടനാര്‍ഹം ......ഈ ചെറിയ ലേഖനത്തില്‍ വ്യാകരണം തെ കുറിച്ചുള്ള ഒരു അവബോതം ....പ്രശംസിനിയം ...............നന്ദി ,എല്ലാ ഭാവുഗങ്ങളും നേരുന്നു ...............

    മറുപടിഇല്ലാതാക്കൂ