2012, ജനു 19

nishaadakandam

mozhiyaay aaluvon mozhiyalan

നിഷാദകാണ്ഡം
------------------------
അക്ഷരാര്‍ത്ഥവനംതന്നില്‍
വൃക്ഷമെല്ലാം മരാമരം
പക്ഷിവേട്ടയ്ക്കിറങ്ങീ ഞാന്‍
ഭക്ഷണാര്‍ത്ഥം നിരക്ഷരന്‍.


മരംമറഞ്ഞുഞാന്‍ രാമ-
മന്ത്രംപോലും മറന്നുപോയ്
മുനിയായ് മാറിയെന്നാലും
മാനിച്ചീടുമോ വര്‍ണ്ണജര്‍?

ശംബൂകന്നു ശിരച്ഛേദം
ശിക്ഷയോ ശാപമോക്ഷമോ?
ശമിക്കാ വര്‍ണ്ണദര്‍പ്പങ്ങള്‍
ശാപം യമിക്കുമായുധം.

നിഷാദന്നന്നുനീയേകീ
നാശമെന്ന മഹാശപം
നന്മ മന്നനു നേര്‍ന്നീടാന്‍
നിഷേധിച്ചതു ജീവനം.

വനത്തിലാശ്രമം തീര്‍ത്തു
വേദമന്ത്രം മുഴക്കി നീ
ശ്രവണങ്ങളടയ്ക്കാനെന്‍
കാതില്‍ കാരീയലേപനം.

വനവേടരെയാവാസ----
വനത്തില്‍ വേട്ടയാടി നീ
വനകാമുകരായെത്തും
മന്നവര്‍ക്കു രമിച്ചിടാന്‍.

രാജധര്‍മ്മസ്തുതിക്കായി
രാമായണം രചിച്ചു നീ
രാമനെ രാജനാക്കീടാന്‍
രാമധര്‍മ്മം മറന്നുപോയ്.

നാരായം നീയുരച്ചപ്പോള്‍
നാരായണന്നു സ്ത്രീവധം!
നിഷ്ഠൂരഘാതകന്‍മാരായ്
നിഷ്ക്കളങ്ക കുമാരരും.

മായാമൃഗാര്‍ത്തനോ രാമന്‍
ലക്ഷ്മണന്‍ ഭ്രാതൃദോഷിയോ?
സീതതന്‍ നാവിലെന്തിന്നായ്
നീചഭാഷ്യം നിറച്ചു നീ?

മൃഗത്തിന്നും മോക്ഷമേകും
ഒളിയന്പും രാമബാണം.
മാരുതിയ്ക്കു ചിരം ദേഹം,
നിഷേധിച്ചൂ ദയാവധം!*1

രാമായണം കഴിഞ്ഞിട്ടും
രാവണന്‍ രാമനെപ്പടി?
ജാരനോ ചോരനോ? ചൊല്ലാന്‍
ജാളൃമെന്തിന്നു മാമുനേ?

അഗ്നിശുദ്ധി ജയിച്ചിട്ടും
സംശയാഗ്നി വളര്‍ത്തി നീ
സതിയാം പത്നിയില്‍,സ്വന്തം
സീതാഗര്‍ഭസ്ഥപുത്രനില്‍.

സീതയെക്കൊന്നുതള്ളീടാന്‍
സോദരന്നാജ്ഞനല്‍കിപോല്‍!
വിരല്‍മുറിച്ചു രക്തത്തിന്‍
സാക്ഷൃംതന്നതു ലക്ഷ്മണന്‍.

രാജകല്പന ലംഘിച്ച
സോദരന്‍തല കൊയ്തുവോ?
സീതാസംഗമം കാത്തു
രാമന്‍ മാഴ്കുന്നതെന്തിനായ്?

രാജധര്‍മ്മം പുലര്‍ന്നില്ലാ
രാമധര്‍മ്മവുമവ്വിധം
രാമായണം പഠിച്ചിട്ടും
രാമമന്ത്രം മരാ.... മരാ....! 2

രാമവൃക്ഷമെനിക്കെന്നും
വലിച്ചു വലകെട്ടുവാന്‍
വിശക്കും കുക്ഷികള്‍ തേടും
മാംസംമാത്രം, ക്ഷമിക്ക നീ.
==============================
*1.രാമനെ മറക്കാതിരിക്കാന്‍ ചിരംജീവിയാക്കപ്പെട്ട ഹനുമാന് ലഭിച്ച വരം എന്നും ഉദരവേദന. ശ്രീലങ്കാകടലിടുക്കിലൂടെ കടന്നുപോകുന്ന നാവികര്‍ രാമാ എന്നുവിളിച്ചുകൊണ്ടുള്ള മാരുതിയുടെ വിലാപം കേള്‍ക്കാറുണ്ടത്രേ.
2 മരാ..മരാ..എന്ന ജല്പനം രാമമന്ത്രമായി പരിണമിച്ചപ്പോഴാണല്ലോ കാട്ടാളന്‍ മഹര്ഷിയായി മാറിയത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ