2012, മേയ് 15

Space in History as....


 
ഇങ്ങനെയും ചരിത്രത്തില്‍ ഒരിടം.
-------------------------------------------------

കല്പകവൃക്ഷത്തൊണ്ടുവീഴുന്ന
വെള്ളായിക്കടല്‍ത്തീരത്ത്
പുത്രപിണ്ഡം ഭുജിച്ച
ബലിക്കാക്കകള്‍
പിതൃപിണ്ഡത്തിനായി
കാത്തിരുന്നു

ഉണ്ണിക്കണ്ണനെപ്പോല്‍
പാല്‍പ്പല്ലുമുളച്ച
ഒരു പാമ്പിന്‍കുഞ്ഞ്
കൂമന്‍കാവില്‍നിന്നും
കിഴക്കേമാളത്തിലേയ്ക്കിഴഞ്ഞുപോയി

ഉത്തരധര്‍മ്മപുരാണത്തില്‍
കുലപതിപുത്രന് തൂറാന്‍മുട്ടിയത്
പിതൃശരീരം
ചിതയിലേയ്ക്കെടുക്കുമ്പോള്‍

കരിംകുപ്പായമിട്ട
നീതിപീഠത്തിന്‍ കീഴെ
ഭസ്മകലശത്തിനുള്ളില്‍
അക്ഷരാത്മാവ്
കഥാനായികയുടെ
പ്രാചീനമായ
ചന്തിയെക്കുറിച്ചോര്‍ത്തു

അരിമ്പാറകള്‍
പഴകിപ്പഴുത്ത്
വെള്ളാനകളാകവേ
തലമുറകള്‍
ഇങ്ങനെയും
ചരിത്രത്തില്‍
ഇടം കണ്ടെത്തുന്നു.
------------------------------------------
ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച അടയാളം എന്ന കവിതാസമാഹാരത്തില്‍നിന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ