2012, ഒക്ടോ 10

Home



വീട്
-------------------
അന്നൊക്കെ
മാന്ത്രികവിരല്‍സ്പര്‍ശങ്ങളിലൂടെ
ഞങ്ങളുടെ സ്വപ്നവീട്
ഹൃദയരേഖയില്‍
പണിതുയര്‍ത്തുമായിരുന്നു.

പടിക്കല്‍
പൂക്കൊന്നകള്‍
തൊടിയില്‍ തേന്മാവുകള്‍
തൃത്താവുകള്‍ തിരുമുറ്റത്ത്

തളത്തില്‍ ഊഞ്ഞാല്‍ക്കട്ടില്‍
ചുവരില്‍ ചില്ലിട്ട കൃഷ്ണപടം
മുറികള്‍നിറയെ
വിശുദ്ധിയുടെ ഗന്ധം
സുരക്ഷയുടെ സ്പര്‍ശം

ഇന്ന്
മൂര്‍ത്തമായ
ഈ മാളികവീട്ടില്‍
മലിനമായിരിക്കുന്നൂ എല്ലാം

തിളങ്ങുന്ന ഗ്രാനൈറ്റ്തറയില്‍
അഴുക്കായ്പ്പുരളുന്നതവള്‍
വെടിപ്പാര്‍ന്ന കിടപ്പുമുറിയില്‍
മെഴുക്കായ്പ്പടരുന്നത് ഞാന്‍തന്നെ
ദിനം മുഴുവന്‍
തുടപ്പും തേപ്പും

പരസ്പരം കുത്തിച്ചോര്‍ത്തുന്ന
രക്തമൊഴുക്കിക്കളയാന്‍
അഴുക്കുചാലുകള്‍
തികയുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ