2012, ഡിസം 15

MAZHA




മഴ
------------------- 
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍.
1

മഴക്കാറുമൂടിയ
മേടരാത്രിയില്‍
വിയര്പ്പില്ത്തിളച്ച്
വെന്തുകിടക്കുമ്പോള്‍
ചക്രവാളങ്ങള്‍
വെള്ളിവാളുലച്ച്
ഉറഞ്ഞുതുള്ളിയനാള്‍
മേല്ക്കൂരപ്പഴുതിലൂടെ
തണുത്ത കൈനീട്ടി
നീയെന്റെ കവിളില്ത്തൊട്ടു..


2

അമ്മയുടെ ഒക്കത്തിരുന്ന്
തളിര്പ്പട്ടുവിരിപ്പിട്ട
ഇടവഞാറ്റുപാടം
മുറിച്ചുകടക്കവേ
കുടപ്പുറത്തേയ്ക്കു നീ
പുതുമണ്ണിന്മണമുള്ള
കുസൃതിപ്പൂമൊട്ടുകള്‍
വാരിയെറിഞ്ഞു
കുടയുടെ നിഴല്പ്പുറത്തേയ്ക്ക്
കടത്തിനീട്ടിയ കുരുന്നുപാദം
അമ്മയറിയാതെ നീ
നുള്ളിച്ചുവപ്പിച്ചു .


3

കളിമുറ്റം നിറയെ
കളയിറക്കിയ
കറുകയ്ക്കു നീര്കൊടുക്കാന്‍
തുള്ളിക്കുടവുമായ്
വന്ന നീയെന്നുടെ
മുഖം പിടിച്ചുയര്ത്തി
മലര്ച്ചുണ്ടുകളില്‍
ചുംബനങ്ങള്‍ ചൊരിഞ്ഞു.
അമ്മയോടിയണഞ്ഞെന്നെ
നിന്നില്നിന്നും പിടിച്ചകറ്റി
ഉമിനീരും മഴച്ചൂരും തുടച്ചുകളഞ്ഞ്
അകത്തിട്ടു കതകടച്ചു..
പിറുപിറുപ്പോടെ നീ
പിണങ്ങിപ്പോകുന്നത്
ജനല്പ്പഴുതിലൂടെഞാന് നോക്കിനിന്നു ...
4
പനിച്ചുടില് പൊള്ളുന്ന
നെറ്റിയില് ചേര്ത്തുപിടിക്കാന്‍
മഞ്ഞുകട്ടകളുമായെത്തിയ നിന്നെ
വാതായനങ്ങളടച്ച്
വെളിയില് നിര്ത്തിയതും
അമ്മതന്നെയല്ലേ
ജനല്ച്ചില്ലുകളില് കവിള്ചേര്ത്ത്
നെടുവീര്പ്പുകളാല് നീരാവി പടര്ത്തി
രാത്രിമുഴുവന് നീ തേങ്ങിക്കരഞ്ഞു
ഇടനെഞ്ചുകീറി ഇടിവാള്മിന്നിച്ച്
മരങ്ങളില് മുടിയഴിച്ചാടി
ആലിപ്പഴങ്ങള്
ഓട്ടിന്പുറത്ത് വാരിയെറിഞ്ഞ്
അലറിവിളിച്ച്
ഉരുള്പൊട്ടി ഉറഞ്ഞൊഴുകിയത്
നിന്റെ പ്രണയമായിരുന്നല്ലോ.

മഴ - 5

മഴമേഘങ്ങള്‍ പിണങ്ങിനിന്ന
രാത്രിയില്‍
നിന്നെ ഒരുനോക്കു കാണാതെ
അമ്മ പോയി
മൂനാംനാള്‍
ഓടിക്കിതച്ചെത്തിയ നീ
കുഴിമൂടിയ മണ്തിട്ടയാകെ
മിഴിനീരുകൊണ്ടു നനച്ച്
പകല്മുഴുവന്‍
തേങ്ങിക്കരയുന്നത്
ജനലഴിയിലൂടെ ഞാന്‍
കണ്ടുനിന്നു
തേടിവന്ന സന്ധ്യയോടൊപ്പം
മിണ്ടാതെ മടങ്ങിപ്പോകുമ്പോള്‍
മറിഞ്ഞുനോക്കിയ
നിന്കവിളില്‍
ദുഃഖമഴക്കാറുകള്ക്കുള്ളില്‍
നാണത്തിന്റെ മഴവില്ച്ചുഴി
ഒരുനിമിഷം മിന്നിമറഞ്ഞു.

മഴ - 6

കുടയെടുക്കാന്‍ മറക്കുന്ന
കലാലയവഴികളില്‍
കാത്തുനിന്നുനീയെന്നും
കൂട്ടുവരാറുള്ള നാളുകള്‍...

തൊട്ടും തൊടാതെയും
വഴിമരങ്ങള്‍ക്കിടയില്‍ നമ്മള്‍
വഴക്കടിച്ചോടിക്കളിച്ചതും
പരിഭവിച്ചുപോയിട്ടും
പളുങ്കൊത്ത നിന്‍പ്രണയം
മരമഴയ്പ്പെയ്തതും
മരമില്ലാവഴികളില്‍
പിറകേവന്ന് തേവിക്കുളിപ്പിച്ചതും
വെയില്മഴയായി
കസവുസാരിയണിഞ്ഞെത്തി
കുഴഞ്ഞുചിരിച്ചതും ....
മധുരമാം നമ്മുടെ
പ്രണയമഴക്കാലം

നിന്നെയകറ്റിനിര്ത്താന്‍
അമ്മവാങ്ങിത്തന്നതൊരു
മറക്കാന്‍ മറക്കാത്ത
മരക്കാലന്‍കുടയായിരുന്നല്ലോ!

മഴ 7

വിയര്പ്പിളകുന്ന
വര്ഷവേനലില്‍
പ്രണയതാപത്തില്‍
പൊരിയുന്ന ഹൃദയവുമായി
ഈര്പ്പമകന്ന മട്ടുപ്പാവില്‍
ഉറക്കമിളച്ചലയവേ
തിങ്കള്ക്കയ്യില് നീ
കൊടുത്തയച്ച
മേഘസന്ദേശത്തിലെ
പ്രണയാക്ഷരങ്ങള്‍ ഞാന്‍
പഠിച്ചെടുത്തു.

ഈവിരഹരാത്രിയിലെ
തിളങ്ങുന്ന നിലാവുപോലും
പൊള്ളലായ്പ്പടരുമ്പോള്‍
നിന്മുടിത്തുമ്പുകുടഞ്ഞപോല്‍
വെണ്മേഘത്തൂവലില്നിന്നും
ഒരു ജലകണം മാത്രം
എന്കണ്ണില് പതിച്ചുവല്ലോ!

അമ്മയുടെ ശവകടീരത്തില്‍
നീ നനച്ചുവളര്ത്തിയ
തുമ്പച്ചെടികളിള്‍
തൂവെള്ളപ്പൂക്കള്‍
നിലാവില് തിളങ്ങുന്നുണ്ട്.

മഴ 8

കരിമേഘക്കുടം നിറയെ
കുടിനീരുമായിന്നലെ
വെമ്പിക്കിതച്ചെത്തിയ നീ
തുമ്പകള്ക്കു നീര്പകരുമ്പോള്‍
കൈക്കുമ്പിള്നീട്ടിവിളിച്ചിട്ടും
തുള്ളിപോലും
പകര്ന്നുതരാതെ
നിതംബമിളക്കി നടന്നുപോയതെന്തേ?

ഉപ്പും സ്നേഹവും ചേര്ത്ത്
ഇരുമ്പുപിഞ്ഞാണത്തില്‍
അന്നെനിക്കു വിളമ്പിത്തന്ന
പഴങ്കഞ്ഞിയില്‍ വിരല്‍മുക്കാന്‍
മോന്തായപ്പഴുതിലൂടെനീ
കുസൃതിക്കൈനീട്ടവേ
മണ്താലംകൊണ്ടമ്മ തടഞ്ഞതും
കളിയായെന്നില് ചിരിപൊട്ടിയതും
കെറുവിച്ചുനീ കണ്ണീരൊഴുക്കിയതും
ഇനിയും മറന്നിട്ടില്ലല്ലേ?!

എനിക്കേറെയിഷ്ടമാണോമലേ
നേരവും കാലവും നോക്കാത്ത
നിന്റെ പിണക്കവുമിണക്കവും

മഴ 9

സ്ഫടികഭിത്തിക്കപ്പുറം
വിരല്പ്പാടകലെ
തുകിലഴിച്ച്
മുടിയുലച്ച്
മുലക്കച്ചയഴിച്ച്
തുടിച്ചുപതച്ച്
നിന്റെ നീരാട്ട്

തുള്ളിക്കൊരുകുടമായി
തിരിമുറിയാരതിമഴയായി
ആയിരം കരങ്ങള്നീട്ടി
അണച്ചുപിടിക്കാനായുമ്പോള്‍
പുളകമുണരുന്നമണ്തരിപ്പിലും
കുമിഞ്ഞുയരുന്ന മദഗന്ധം

ഇടിമിന്നലിലും
അഴകിന്റെ
മഴവിവര്ണ്ണങ്ങള് വിരിയിച്ച്
വിളങ്ങിച്ചിരിച്ച്
തിളങ്ങിത്തുളിച്ച്
ഈരിഴത്തുകിലും അഴിച്ചുപറത്തി
ചിലങ്കമണികള് ചിതറിച്ച്
മഴനൃത്തമാടമ്പോള്‍
ഒന്നു തൊടാന്‍
വാരിപ്പുണര്‍ന്നുകുതിരാന്‍
അലിഞ്ഞുതളരാന്കൊതിച്ച്
ചില്ലുകൂടിനുള്ളില്‍
ബന്ധിതനായി ഞാന്‍

വിരല്പ്പാടിനപ്പുറം
വികാരവിവശയായി
നീ നിന്നു പെയ്യുമ്പോള്‍
കൃത്രിമസുഗന്ധംപൂശിയ
നഗരവേശ്യയെപ്പോലെ
നിര്‍വികാരയായി
ചൂടും തണുപ്പും ചെലുത്തുന്ന
ക്ലോറിന് ജലധാരയില്
ഞാനെന്റെ കാമം
കഴുകിക്കളയുന്നു

നിന്നില്നിന്നെന്നെയകറ്റാന്‍
ചില്ലുമാളിക പണിഞ്ഞുവെച്ചതും
അമ്മതന്നെയായിരുന്നല്ലോ!

മഴ 10

കൊടുങ്കാറ്റുകളടങ്ങി
മൌനം കൂടുകൂട്ടിയ
ഈ പളുങ്കുമാളികയില്‍
മറയില്ലാതെ
വെയില്‍പനിച്ചുകിടക്കുമ്പോള്‍
നിന്ഗന്ധമുള്ളൊരു
ചെറുകാറ്റുവന്നെന്റെ
കവിളില്‍ത്തലോടി.
കുന്നിന്മുകളില്‍
കുതിച്ചെത്തിയിട്ടും
ഒരു കരിമേഘത്തിലിരുത്തി
കാറ്റ് നിന്നെ കടത്തിക്കൊണ്ടുപോയി.
ഇന്നലെ കാത്തുകിടന്ന
വിണ്ടുകീറിയ
വയലില്പ്പതിക്കുംമുമ്പ്
വെയില്‍ നിന്നെ
ആവിയാക്കിക്കളഞ്ഞു.
മഴവില്ക്കൊമ്പില്‍
ഊഞ്ഞാലുകെട്ടി
നീ വിളിച്ചെങ്കിലും
എന്റെ ചിറകുകള്‍
വെയിലേറ്റു കരിഞ്ഞുപോയിരുന്നു
വരണ്ട അണകളും
വിണ്ടുകീറിയ വയലുകളും
വിത്തും കൈക്കോട്ടുമായിവന്ന
വയല്പ്പക്ഷിയും
വരമ്പിനടിയിലെ
മഴത്തവളയും
കരളുരുകിവിളിച്ചിട്ടും
നീ വരാഞ്ഞതെന്തേ?

 11.

ആനത്തോലുണങ്ങുന്ന
മഴവെയില്‍ തിളക്കുമിപ്പാതയില്‍
ഇടിമുകില്സ്ഫോടനമായടര്ന്നുവീണ്
നീയെന്റെ യാത്രമുടക്കി.
വൈപ്പറുകള്‍ നിശ്ചലമായ
വിന്റ്സ് ക്രീനില്‍
നീരാളിവിരലുകള്‍
പൊത്തിപ്പിടിച്ച്
മുകളില്‍ കുളിരുകോരിയൊഴിച്ച്
ഉള്നെടുവീര്പ്പുകള്‍
ബാഷ്പീകരിച്ചു.
അകംനിറഞ്ഞുവിങ്ങുന്ന
ആവിയില്‍ വേവുമ്പോഴും
അമ്മമൊഴിയനുസരിച്ച്
വാതില്ച്ചില്ലുകള്‍
ഞാനുയര്ത്തിയതേയില്ല.
നിന് പ്രണയകോപമാകെ
കുമിളകള്നുരയുന്ന
ചോരപ്പുഴയായി
പൊതുനിരത്തില്‍
ഉരുള്പൊട്ടിയൊഴുകി.
തഴുകിയിണക്കാന്
കൊതിയുണ്ടെങ്കിലും
കലിയടങ്ങിത്തിരിച്ചുപോകുവോളം
കാത്തിരിക്കാനാണല്ലോ
ചില്ലുകള്ക്കുള്ളില്‍
തടവിലാക്കപ്പെട്ട
എന്റെ നിയോഗം!

മഴ 12 (അവസാനഭാഗം)

ഉച്ചവെയില്ച്ചൂടില്‍
കടല്ക്കരയില്‍ തിരയെണ്ണിനില്ക്കവേ
മഴമേഘങ്ങളെ
പിറകിലൊളിപ്പിച്ചെത്തിയ
കരിങ്കാറുകള്‍
ചക്രവാളങ്ങളില്‍ ഇരുള്പരത്തി.
കരിമേഘയവനികനീക്കി
കടലിനുമീതെ പെയ്തിറങ്ങിയ നീ
തിരപ്പുറത്തേറി അലച്ചെത്തുമ്പോള്‍
കെട്ടുകളെല്ലാം പൊട്ടിച്ചെറിഞ്ഞ്
കൈകള്‍വിരിച്ചുഞാന്‍
കാന്തനായ് കാത്തുനിന്നു.
നീ പുണരുന്നത്
ആയിരം കൈകളാല്‍
നീ മുകരുന്നത്
ആയിരം ചുണ്ടുകളാല്‍
മുടിയിഴകളില്‍
തണുവിരലുകളാഴ്ത്തി
കുതിര്ന്ന കുപ്പായത്തിനുള്ളില്‍
കൈകള്കടത്തി
ആപാദചൂഡം ഇക്കിളിയിട്ടപ്പോള്‍
ഉടുവസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ്
മണല്ക്കിടക്കയില്‍ ഞാന്‍
മലര്ന്നുകിടന്നു.
ഉന്മാദമായെന്നിലേക്കു നീ
പെയ്തിറങ്ങവേ
തണുത്തുപൊള്ളുന്ന തീത്തുള്ളികളാല്‍
പുളകത്തിന്റെ ഉപ്പുപരലുകള്‍
ഉരുകിയൊലിച്ചു
പ്രണയമായി പ്രണവമായി
ഒന്നായലിഞ്ഞ നമ്മള്‍
മണല്ത്തരികള്ക്കിടയില്‍
ഗര്ഭജലമായി ഊര്ന്നിറങ്ങി.

വെയില് തെളിഞ്ഞപ്പോള്‍
ള്‍രൂപത്തില്‍
ഒരു മണല്ത്തിട്ടമാത്രം
കടല്ക്കരയില്‍
അവശേഷിച്ചിരുന്നുവത്രേ!
അതിന്മുകളിലെ ജലശംഖില്‍
കടല്‍ക്കാറ്റുകള്‍
പ്രണയം വായിച്ചുക്കൊണ്ടിരുന്നത്രേ!!


Subramanian kuttikkol, p.o. kuttikkol, , kannur district. pin-670562



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ