2018, മാർ 7

ഭീഷ്മരും ശിഖണ്ഡിയും


വ്യാസനും ശിഖണ്ഡിയും

സ്ത്രീയുടെ ജന്മങ്ങൾനീണ്ട പ്രതികാരയാത്രയുടെ ഇതിഹാസമാണ്  ശിഖണ്ഡിയുടെ കഥയ. അംബയും ഭീഷ്മനും തമ്മിലുള്ള ആത്മപ്രണയത്തിന്റെ അടയാളങ്ങൾ മഹാഭാരതത്തിന്റെ സൂക്ഷ്മവായനയിൽ പഠിച്ചെടുക്കാൻ പ്രയാസമില്ല. സ്ത്രീത്വം പുരുഷത്വമായും തിരിച്ചുമെന്നതുപോലെ പ്രണയം പ്രതികാരമായും പ്രതികാരം പ്രണയമായും പരിവർത്തനം ചെയ്യപ്പെടുന്ന അസാധാരണമായ ഭാവതലം ഈ കഥയെ വികാരസാന്ദ്രമാക്കുന്നു. പല സന്ദർഭങ്ങളിലും ശിഖണ്ഡിയുടെ സാന്നിദ്ധ്യം ഇതിഹാസകാരൻ മറന്നുപോയിട്ടുണ്ട്. അത്തരം സന്ദർഭങ്ങളെ കണ്ടെടുത്ത് പൂരിപ്പിക്കുകയാണ് മുഖ്യമായും ഞാൻ ചെയ്തിരിക്കുന്നത്.  എക്സിസ്റ്റൻഷ്യലിസവും മാജിക്കൽ റിയലിസവുമൊക്കെ സാഹിത്യത്തിലെ സമീപകാലപ്രവണതകളാണല്ലോ. ഇതരപുരാണേതിഹാസങ്ങളിൽനിന്നു വ്യത്യസ്തമായി മഹാഭാരതത്തിന്റെ പ്രത്യേകത അതിന്റെ ഫാന്റസിക്കുള്ളിലെ റിയലിസമാണ്. വ്യാസന്റെ യുദ്ധവർണ്ണനകളിൽ ഭ്രമാത്മകയഥാതഥത്വത്തിന്റെ സഹസ്രദലങ്ങളും ഇതൾവിടർത്തുന്നത് അനുഭവിച്ചറിയാൻ കഴിയും. പെൺകുട്ടി ചിറകുകൾ മുളച്ച് ആകാശത്തേയ്ക്കുയർന്നു എന്ന് മാർക്കേസ് പറഞ്ഞാൽ ആസ്വദിക്കാൻ കഴിയുന്ന നമുക്ക് മഹാഭാരതത്തിലെ മാജിക്കൽറിയലിസത്തെ അംഗീകരിക്കാൻ വിഷമമാണ്. ഇതിനെ യുക്തിയുടെ പേരിൽ റിയലിസത്തിലേക്കിറക്കിക്കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടില്ല. കാഫ്കയ്ക്കും കാമുവിനും അയ്യായിരം കൊല്ലങ്ങൾക്കുമുമ്പുതന്നെ അസ്തിത്വദുഃഖത്തിന്റെ സമസ്തഭാവങ്ങളും  ശിഖണ്ഡിയുടെ കഥയിൽ  പ്രയോഗിക്കപ്പെട്ടിട്ടുള്ളതായി കാണാം.

ഒരു ട്രാൻസ് ജൻഡറിന്റെ സ്ത്രീയിൽനിന്നു പുരുഷനിലേക്കുള്ള പരിവർത്തനത്തെ മനശ്ശാസ്ത്രപരവും ശരീരശാസ്ത്രപരവുമായ അപഗ്രഥനത്തിനു വിധേയമാക്കുന്നതാണ് ഈ നോവൽ. പുത്രിയെ സ്വന്തം സമ്മതത്തോടെ സ്വവർഗ്ഗിവാഹം ചെയ്തുകൊടുക്കുന്ന മാതാപിതാക്കളെ ആധുനികസാഹിത്യത്തിൽപ്പോലും കാണാൻ കഴിയുമെന്നു തോന്നുന്നില്ല. ശിഖണ്ഡി എന്ന പദം നപുംസകത്തിന്റെ പര്യായമായി പ്രയോഗിച്ചുകാണാറുണ്ട്. എന്നാൽ വ്യാസന്റെ ശിഖണ്ഡി ശീഘ്രാസ്ത്രനും മഹാരഥനും പതിയും പിതാവുമായ പൂർണ്ണപുരുഷനാണ്. ഭാരതത്തിന്റെ വികലപാഠങ്ങളിലൂടെ ജനമനസ്സുകളിൽ രൂഢമൂലമായിത്തീർന്ന നപുംസകമായ ശിഖണ്ഡിയ്ക്കുപകരം വ്യാസൻ സൃഷ്ടിച്ച യഥാർത്ഥ ശിഖണ്ഡിയെ വീണ്ടെടുക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.

ഭീഷ്മരും ശിഖണ്ഡിയും(നോവൽ).
പ്രസാധനം: സാഹിത്യപ്രവർത്തക സഹകരണസംഘം.
വിതരണം: നാഷണൽ ബുക്സ്റ്റാൾ.
വില: ₹ 180

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ