2011, ഏപ്രി 25

Drama Review-- kristuvinte aaram thirumurivu


(പി എം ആന്‍ണി രചിച്ച ആലപ്പുഴ സൂര്യകാന്തിയുടെ ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് എന്ന നാടകം 1986ല്‍ തളിപ്പറന്പ് മാസ്ആര്‍ട്സ് സൊസൈറ്റിയുടെ വേദിയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. മാസിന്‍റെ പ്രബുദ്ധരായ പ്രേക്ഷകര്‍ യാതൊരു അസ്വാരസ്യവുമില്ലാതെ നാടകം ഭംഗിയായി ആസ്വദിച്ചു. എന്നാല്‍ തുടര്‍ന്നുള്ള അവതരണങ്ങള്‍ മതമൗലികവാദികലുടെ കായികമായ ഇടപെടല്‍ കാരണം ബഹളത്തിലാണ് കലാശിച്ചത്.സാസ്കാരികകേരളത്തിനാകെ നാണക്കേടുണ്ടാക്കുന്നവിധം കലാകാരന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കായികമായ കടന്നുയറ്റമാണ് നടന്നത്. മതമേധാവികളടക്കം നാടകത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തുവന്നു. ക്രമസമാധാനപ്രശ്നമായി ഇത് വളരുമെന്നായപ്പോള്‍ നായനാര്‍ ഗവര്‍മെണ്ട് നാടകാവതരണം നിരോധിക്കുകയാണുണ്ടായത്.അന്ന് തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ കഴിയാതെപോയ നിരൂപണമാണ് 25വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ പ്രസിദ്ധീകരിക്കുന്നത്.)



ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് 
------------------------------------------
ഭ്രമാത്മകമായ ഒരു സംസ്കാരികതലത്തില്‍ ആദര്‍ശവല്‍കരിക്കപ്പെട്ടചരിത്രമാണല്ലോ മിത്തുകള്‍ .മതപരമായ അതിന്‍റെബിംബവല്കരണം യാസ്ഥിതികമായ പ്രത്യശാസ്ത്ര താല്‍പര്യങ്ങളാല്‍ നിര്‍ണയിക്കപ്പെട്ടതാണ്.  മിത്തുകളില്‍നിന്നും ചരിത്രം തിരയുന്ന കലാകാരന്‍ താന്‍ കണ്ടെത്തിയ സത്യവുമായി മുന്നോട്ടു പോവുമ്പോള്‍ പ്രതിലോമ താല്‍പ്പര്യങ്ങള്‍ ഒരുക്കിയ കുരിശുകള്‍ അവനെ കാത്തിരിക്കുന്നുണ്ടാവും. കലയുടെ മേല്‍ മതപരവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ എത്രമാത്രം ഭീകരവും ജുഗുപ്സാവഹവും ആണെന്ന് മതരാഷ്ട്രീയത്താല്‍ കുരിശി ലേറ്റപ്പെട്ട 'ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്എന്ന നാടകം ഉദാഹരണമാണ്.

കസാന്‍ദ്സാകീസിന്റെ  ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന വിഖ്യാത നോവലിനോട് വിധേയത്വം പുലര്‍ത്തുന്ന നാടകമാണ് പി. എം. ആന്റണി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. ഇസ്രയേല്‍ ജനതയുടെ വിമോചന പോരാട്ടങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ക്രിസ്തുവിന്റെ ക്രൂശാരോഹണത്തെ വിലയിരുത്തുന്ന താണ്‌ ഈ നാടകം.

പ്രമാണങ്ങളിലൂടെ രൂഢമൂലമായ രക്ഷകസങ്കല്പം അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മോചനസ്വപ്നമായി നിലനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് കഥാനായകനായ ജീസസ് ജീവിതമാരംഭിക്കുന്നത്. ഗ്രീക്ക് മേധാവിത്വത്തിന്‍കീഴിലമര്‍ന്ന ഇസ്രായേല്‍ മക്കളുടെ നിസ്സഹായതയുടെയും ഭീരുത്വത്തിന്‍റെയും അഭയകേന്ദ്രംകൂടിയായിരുന്നു ഈ രക്ഷകസങ്കല്പം. സീലോട്ട് വരെയുള്ള വിപ്ളവകാരികള്‍ കുരിശിലേറ്റപ്പെടുന്പോഴും അത്ഭുതങ്ങള്‍ക്കായി പ്രതീക്ഷയോടെ നില്ക്കുന്ന ജനത ഈ വ്യര്‍ത്ഥസങ്കല്പത്തിലൂടെ നിഷ്ക്രിയതയുടെ തടവുകാരായി ത്തീരുകയാണ്.ജൂദാസിന്‍റെ നേതൃത്വത്തിലുള്ള മോചനപ്പോരാളികളുടെ കൂട്ടമായ സഹോദരസംഘത്തിനുപോലും ഈ മനോഭാവത്തില്‍നിന്നും മോചനം പ്രാപിക്കാന്‍ കഴിയുന്നില്ല.

പിറവിയോടൊപ്പം ആരോപിതമായ ദൈവികത്വത്തിന്‍റ കുരിശും ചുമന്നുകൊണ്ട് ജീവിതത്തിന്‍റെ പ്രലോഭനങ്ങള്‍ക്തിടയില്‍ ഇടറി നീങ്ങുകയാണ് ജിസസ്. ഒരു ശരാശരി മനുഷ്യനാകാന്‍വേണ്ടി ദൈവത്തില്‍നിന്നും ഓളിച്ചോടാന്‍ ശ്രമിക്കുന്ന ജീസസ് പിശാചിന്‍റെ ഇരിപ്പിടമായ പാപകര്‍മ്മങ്ങളില്‍ അഭയം കണ്ടെത്തുന്നു. എന്നാല്‍ സിലോട്ടിനെ ക്രൂശിക്കാനായി കുരിശുപണിഞ്ഞിട്ടുപോലും ദൈവം തന്നെ വിട്ടുപോകുന്നില്ലെന്ന് ജീസസ് അറിയുന്നു.

കളിക്കൂട്ടുകാരിയായ മഗ്ദലനമേരി ആസക്തിയായും പാപബോധമായും ജീസസിനെ വേട്ടയാടുകയാണ്. കാമുകിയും അമ്മയും സ്നേഹിതനായ യൂദാസും ജന്മദേശമായ നസ്രേത്തും മാനുഷികപ്രലോഭനങ്ങളായി വെല്ലുവിളിച്ചുനില്ക്കുന്പോഴും ആതമീയകലാപങ്ങളില്‍ വെള്ളിടിയായി വന്നുവീഴുന്ന ദൈവബോധം ജീസസിന് അതിജീവനത്തിന്‍റെ കരുത്തുനല്‍ കുന്നു. ശാന്തിതേടി മരുഭൂമിയിലെ സന്യാസാശ്രമത്തില്‍ എത്തിച്ചേര്‍ന്ന ജീസസ് യോഹന്നാനാല്‍ രക്ഷകനായി വാഴിക്കപ്പെട്ടതോടെ ദൈവനിയോഗമായി അത് സ്വീകരിക്കുകയും ആത്മശാന്തിയുടെ പുതിയ സാധ്യതകള്‍ അറിയുകയും ചെയ്യുന്നു.
എന്നാല്‍ ആഅറിവ് താത്ക്കാലികം മാത്രമായിരുന്നു.റോമിന്‍റെ അടിമത്വത്തില്‍ നിന്നും ഇസ്രായേല്‍ ജനതയെ മോചിപ്പിക്കാന്‍ ജൂദാസിന്‍റെ നേതൃത്വത്തിലുള്ള സഹോദരസംഘങ്ങള്‍ നടത്തുന്ന വിശുദ്ധകൊലപാതകങ്ങള്‍ സാര്‍വ്വലൗകികസ്നേഹത്തിന്‍റെ സമസ്യകള്‍ തിരയുന്ന ജിസസിന് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ത്തന്നെ മര്‍ദ്ദിതവര്‍ഗ്ഗത്തിന്‍റെ ഭാഗത്തുനിന്നുകൊണ്ട് മാറ്റത്തിന്‍റെ ചാലകശക്തിയായി മാറാന്‍, അതിലൂടെ കാലഘട്ടത്തിന്‍റെ കടമ നിറവേറ്റാന്‍ ജീസസിനു കഴിഞ്ഞില്ല. അടിമത്തത്തിന്‍റെ കരാളതകള്‍ക്കു വിധേയരായ ഇസ്രായേല്‍ ജനതയ്ക്കുമുന്നില്‍ വിശ്വപ്രേമത്തിന്‍റെ സന്ദേശം പരാജയപ്പെടുന്നതോടെ ക്രൂശാരോഹണത്തിനുള്ള വഴിതേടുകയാണ് ജീസസ്. ദൈവത്താലും മനുഷ്യരാലും വെറുക്കപ്പെട്ട ജീവിതം  രു നിഷ്ഫലതയായിരുന്നുവെന്ന് മനസ്സിലാക്കിയ ജീസസ് പ്രവചനങ്ങള്‍കൊണ്ട് സ്വയം ചക്രവ്യൂഹമൊരുക്കുകയായിരുന്നു. രക്തസാക്ഷിത്വത്തിലൂടെ വിശ്വപ്രേമത്തെ അടയാളപ്പെടുത്തുകയായിരുന്നു ജീസസിന്‍റെ ലക്ഷ്യം.

കസാന്‍ദ്സാകീസിന്‍റെ ക്രിസ്തുവിന്‍റെ അന്ത്യപ്രലോഭനം എന്ന വിഖ്യാതനോവലിലെ ഉള്ളടക്കമാണ് നാടകരചനയ്ക്ക് ആധാരമായി സ്വീകരിച്ചിരിക്കുന്നതെങ്കിലും ചരിത്രപാഠത്തിന്‍റെ ഭൂമികയില്‍ നിലയുറപ്പിച്ചുകൊണ്ട് ക്രിസ്തുവിന്‍റ ക്രൂശാരോഹണത്തിന് തനതായ ഒരു ഭാഷ്യം നല്‍കാനാണ് നാടകകൃത്ത് ശ്രമിച്ചിരിക്കുന്നത്. ക്രിസ്തുവിനെക്കുറിച്ചുള്ള മതമേധാവിത്വത്താല്‍ പടുത്തുയര്‍ത്തപ്പെട്ട അഭൗമപരിവേഷം പൊളിച്ചുനീക്കുന്നതിലൂടെ, ബൈബിളിലെ സ്നേഹസ്വരൂപനായ മനുഷ്യപുത്രനെ ഉയിര്‍ത്തഴുന്നേല്‍പ്പിച്ച് കലാകാരനെന്നനിലയില്‍ കാലഘട്ടത്തോടുള്ള കടമ നിര്‍വഹിച്ചിരിക്കുകയാണ് നാടകകൃത്ത്. കേരളത്തിന്‍റെ സമകാലികവസ്ഥയില്‍ മതമൗലികതാവാദങ്ങള്‍ക്കെതിരായി വളര്‍ന്നുവരുന്ന ജനകീയാവബോധവുമായി ബന്ധപ്പെട്ടതാണ് ചരിത്രപരമായ ഈ ദൗത്യം.

മാനുഷികപ്രലോഭനങ്ങളെ നിരന്തരം അതിജീവിച്ചുകൊണ്ട് സ്വജീവിതത്തെ ഉദാത്തവല്‍ക്കരിക്കുന്ന ഒരു കഥാപാത്രമായി ജീസസിനെ പുനസൃഷ്ടിച്ചത് കഥാകാരന്‍റെ സ്വാതന്ത്ര്യമാണ്. ഉന്നതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കലാസൃഷ്ടി വീക്ഷണത്തിന്‍റെ വ്യത്യസ്തതകൊണ്ടുമാത്രം ഒരു മതവിഭാഗത്തിന് അനഭിമതമാകുവാന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിക്കുന്നെങ്കില്‍ അത് മതമേധാവിത്വത്തിന്‍റെ ദാര്‍ശനികസങ്കുചിതത്വം കൊണ്ടുമാത്രമാണ്. കപടഭക്തന്മാരായ ശാസ്ത്രികളും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! വെള്ളതേച്ച ശവക്കല്ലറകളോട് നിങ്ങള്‍ ഒത്തിരിക്കുന്നു. അവ പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെതന്നെ പുറമെ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്ക തോന്നുന്നു. അകമെയോ കപടഭക്തിയും അധര്‍മ്മവും നിറഞ്ഞവരത്രേ.-ഈ ബൈബിള്‍വാക്യമാണ് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നത്.

കാല-ദേശ പ്രതീതിയുളവാക്കുന്ന വേഷവിധാനങ്ങളും ഉചിതമായ രംഗചലനങ്ങളും കുരിശിന്‍റെ പശ്ചാത്തലത്തിലുള്ള മനോഹരമായ രംഗചിത്രങ്ങളുംകൊണ്ട് നാടകത്തെ ദൃശ്യപരമായ അനുഭവമാക്കിമാറ്റുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തലസംഗീതവും രംഗവെളിച്ചവും സൂക്ഷതയോടെ കൈകാര്യംചെയ്യപ്പെട്ടിരിക്കുന്നു. പി.എം.ആന്‍റെണിയുടെ സ്പാര്‍ട്ടാക്കസ്സിന്‍റെ സാങ്കേതികത്തികവ് കൈവരിക്കാന്‍ ഈ നാടകത്തിന് കഴിഞ്ഞിട്ടില്ലെന്നത് സൂചിപ്പിക്കട്ടെ. ക്രസ്തുവിന്‍റെ ശരീരചലനങ്ങള്‍ ഒരു ഞരന്പുരോഗിയുടെ ഓര്‍മ്മയുണര്‍ത്തുന്നത് ആ കഥാപാത്രത്തിന്‍റെ സാദ്ധ്യതകളെ പരിമിതപ്പെടുത്തിയിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.




3 അഭിപ്രായങ്ങൾ:

  1. sir how get the wisdom and enlightnment......+91 7598533575. i read krishtthuvinte aaraam thirumuriv from 7th std to 12th. but cant understand properly.help me to get wisdom......www.facebook.com/devatheth

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ