2011, മേയ് 29

mozhiyaay aaluvon mozhiyalan

ഏഴാംനിലയില്‍നിനിനും ഒരു എസ്സ് ഒ എസ്സ്.-----------------------------
ചില്ലുകീറുന്ന
വിലാപത്തിനുപിന്‍പേ
ജനല്‍ച്ചില്ലുതകര്‍ത്ത്
ഒരു കടലാസുതുണ്ട്
കീഴ്പ്പോട്ടുചാടി

നക്ഷത്രവാതിലുകളുള്ള
ഏഴാംനിലയിലെ
ജാലകപ്പഴുതില്‍
പിന്‍വലിഞ്ഞതൊരു പെണ്‍കരം?

ചുരുട്ടപ്പെടാനിടകിട്ടാതെ
കാറ്റിന്‍കയ്യില്‍ നിസ്സഹായയായി
താണുതാണ്...

ഉയര്‍ന്നതൊരു
രക്ഷകഹസ്തമാവാം
ജിജ്ഞാസയിലുയര്‍ന്ന
ക്ഷിപ്രപ്രതികരണമാവാം..
തൊടാനെത്തുംമുന്‍പ്
ചുഴന്നുയര്‍ന്ന നഗരച്ചുഴലി
കടന്നുപിടിച്ച് കടന്നുകളഞ്ഞു!

ചുഴലിക്കരുത്ത്
പല്ലും നഖങ്ങളുമാഴ്ത്തി
പിന്നിപ്പിളര്‍ന്നപ്പോള്‍
പടര്‍പ്പിലെ കാരക്കൂട്ടങ്ങള്‍
മുള്‍മുനയില്‍ കോര്‍ത്തെടുത്തു

കാറ്റും
പടര്‍പ്പും
കിതച്ചടങ്ങവേ
കീറപ്പാവാടപോലെ
കുഴഞ്ഞുതളര്‍ന്ന് തൂങ്ങിക്കിടന്നു

പിന്നെ
പെരുമഴയായിരുന്നു
മഴയില്‍ കുതിര്‍ന്നുകുതിര്‍ന്ന്
ഭാരം പെരുകിപ്പെരുകി
തെരുവോടയില്‍വീണ്
ചെളിയിലും വിസര്‍ജ്ജ്യത്തിലും കുഴഞ്ഞ്
അഴുക്കായി
വിഴുപ്പായി
ഒഴുകിയൊഴുകിപ്പുഴയിലെത്തി

സ്പടികജലത്തിന്‍റെ
സുതാര്യതയില്‍
പൊങ്ങിക്കിടക്കാനറച്ച്
അടിത്തട്ടില്‍ താണടിഞ്ഞ്
നഗ്നതപുതച്ച് മലര്‍ന്നുകിടന്നു

ഉത്സുകനായഒരാണ്‍മത്സ്യം
അരക്കെട്ടിലെ
ചെളി കപ്പിമാറ്റിയപ്പോള്‍
തെളിഞ്ഞുവന്നത്
വിങ്ങിനില്ക്കുന്ന വിലാപംപോലെ
ചോരലിപികളില്‍
ലോകത്തിന് മേല്‍വിലാസമെഴുതിയ
എസ്സ് ഒ എസ്സ്!

അപ്പോയിന്‍റ്മെന്‍റ്ഓര്‍ഡറിന്‍റെ
ചീന്തിയെടുത്ത പാതിയായിരുന്നു
ആ കടലാസുതുണ്ട്!
------------------


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ