2011, ജൂലൈ 14

ആസ്വാദനത്തിന്‍റെ സര്‍ഗ്ഗതലം

സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

(1998ല്‍കേരളസംഗീതനാടകഅക്കാദമിയുടെ അമേച്ച്വര്‍ നാടകമത്സരത്തില്‍ അവതരിപ്പിക്കപ്പെട്ട അടുത്തയാള്‍ന്ന നാടകത്തിന് തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ കഴിയാതെപോയ നിരൂപണം.)


ദുരൂഹത ആസ്വാദകാനുഭവത്തിന്‍റെ ഭാഗമാവുന്നത് കലാസൃഷ്ടിയുടെ പരാജയമാണോ സൂചിപ്പിക്കുന്നത്? അടുത്തയാള്‍ എന്ന നാടകം സൃഷ്ടിച്ച പൂര്‍ണ്ണമായ പ്രേക്ഷകാഭിമുഖ്യവും, പിറ്റേദിവസത്തെ നാടകപ്പന്തല്‍ര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രകചിപ്പിച്ച നാടകം മനസ്സിലായില്ല എന്ന പരാതിയുമാണ് ഇത്തരം ഒരു ചോദ്യം ഉന്നയിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കേരളസംഗീതനാടകഅക്കാദമിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറന്പില്‍വെച്ചുനടന്ന ഈവര്‍ഷത്തെ അമേച്ച്വര്‍ നാടകമത്സരത്തില്‍ അവതരിപ്പിക്കപ്പെട്ട ആറ് നാടകങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരം നാടകപ്രവര്‍ത്തക സഹകരണസംഘത്തിന്‍റെ അടുത്തയാള്‍.
കലാസൃഷ്ടി ധിഷണയോടെന്നതിനെക്കാള്‍ ഹൃദയവുമായാണ് സംവദിക്കുന്നത് എന്ന അഭിപ്രായം ദൃഢപ്പെടുത്തുന്നതായിരുന്നു പ്രസ്തുത നാടകാനുഭവം. വൈകാരികസംജ്ഞകളിലൂടെ പ്രേക്ഷകഹൃദയവുമായി സംവദിക്കുന്ന കല ദുരൂഹത അതിന്‍റെ ഭാഗമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ആസ്വാദകനില്‍ സംവേദനത്തിന്‍റെ ഒരു സര്‍ഗ്ഗതലം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ കലാസൃഷ്ടി സങ്കീര്‍ണ്ണമായ സൗന്ദര്യഭാവങ്ങളിലൂടെ ആസ്വാദകനിലെ സര്‍ഗ്ഗഭാവനയെ തൊട്ടുണര്‍ത്തുകയും പ്രതിജനഭിന്നമായ പ്രേക്ഷകപാഠങ്ങള്‍ രൂപപ്പെടുത്തുകയും  ചെയ്യുന്നു.
കാലം എന്ന മഹാസമസ്യയെ ഭ്രമാത്മകയാഥാര്‍ത്ഥ്യത്തിന്‍റെ ഒരു സ്ഥലത്തില്‍ വിശകലനം ചെയ്യുവാനുള്ള ശ്രമമാണ് അടുത്തയാള്‍ എന്ന നാടകത്തില്‍ കാണാന്‍ കഴിയുന്നത്. വൈകിയെത്തിയ പരീക്ഷണമെന്നും എക്സിസ്റ്റന്‍ഷ്യലിസത്തിന്‍റെ കാലംതെറ്റിയ രംഗരൂപമെന്നും വിമര്‍ശിക്കപ്പെട്ട ഈ നാടകം ഏതെങ്കിലും ഇസത്തിന്‍റെ കള്ളിയില്‍പ്പെടുത്തി മാറ്റിനിര്‍ത്തുന്നതിനുമുന്‍പ് അല്പംകൂടി അവധാനതയോടെയുള്ള പരിഗണന അര്‍ഹിക്കുന്നുണ്ട്.
സ്വന്തം കാമുകിയുടെ വിവാഹത്തലേന്ന് കുമാര്‍ എന്ന നാടകകൃത്ത് മുന്നൂറ്റിരണ്ടാം നന്പര്‍ മുറിയില്‍ താമസക്കാരനായെത്തുന്നു. റൂംബോയിയായ ചിത്രഗുപ്തന്‍റെ റിക്കാര്‍ഡുബുക്കില്‍ പേരുചേര്‍ക്കപ്പെടുന്നതോടെ അയാള്‍ പൂര്‍വ്വനിശ്ചിതമായ ഒരു നാടകത്തിലെ കഥാപാത്രമായിത്തീരുകയാണ്. കാലന്‍കൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ഈ മുറി മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു ഇടത്താവളമാണ്. വിഷം, ചാട്ടം, കയര്‍ തുടങ്ങി ആത്മഹത്യയ്ക്കുവേണ്ട സാദ്ധ്യതകളും സാമഗ്രികളും മുറിയില്‍ ഒരുക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യയ്ക്കു പ്രേരണയും സഹായവും നല്‍കാന്‍ കാലന്‍റെ ആജ്ഞാനുവര്‍ത്തികളുമുണ്ട്. എന്നാല്‍ ജീവിതത്തെയും മരണത്തെയും അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്ത കഥാനായകനെ ഭൂതകാലവും ഭാവികാലവും ഒരേപോലെ വേട്ടയാടുകയാണ്. വിവാഹപ്പന്തലില്‍നിന്നു രക്ഷപ്പെട്ടുവരുന്ന രാധയും തന്‍റെ വിപ്ളവപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ജയില്‍വാസം വരിച്ച സുഹൃത്തും കുമാറിന്‍റെ നിസ്സഹായതയിലേയ്ക്ക് വന്നുവീഴുന്നു.
ജീവിതത്തിനുനേരെ ഭീരുവും വഞ്ചകനുമായി സ്വയം തിരിച്ചറിയുന്ന കുമാര്‍ മരണം വരിക്കാന്‍ തയ്യാറാണെങ്കിലും കാമുകിയുമൊത്തുള്ള ഒരു ജീവിതത്തിന്‍റെ സാദ്ധ്യതയെന്ന വ്യാമോഹത്തില്‍ അയാള്‍ കാത്തിരിക്കുകയാണ്. ജീവിതകാലം അവസാനിച്ചിട്ടും ശവപ്പെട്ടിയിലടങ്ങാതെ രാധ എന്ന കാമുകി ഇറങ്ങിനടക്കുന്നതിനാല്‍ മരണത്തിന്‍റെ കാവലാളായ കാലന്‍കൃഷ്ണന്‍  മരണം പൂര്‍ണ്ണമാക്കാന്‍കഴിയാത്ത അവസ്ഥയിലാണ്. ഈ പരിസ്ഥിതിയില്‍ ചിത്രഗുപ്തന്‍ തന്ത്രപൂര്‍വം നാടകകൃത്തിന്‍റെ കാമുകിയെ ശവപ്പെട്ടിയിലേയ്ക്കു നയിക്കുകയും കാലന്‍റെ മരണം പുര്‍ത്തിയാക്കുകയും ചെയ്യുന്നു.  .എന്നാല്‍ ശവപ്പെട്ടിയില്‍നിന്നും രക്ഷപ്പെട്ടുവരുന്ന രാധയെക്കണ്ട് കുമാര്‍ അത് കാലന്‍റെ മരിച്ചുപോയ കാമുകിയാണെന്നു തെറ്റിദ്ധരിച്ച് അവളുടെ കഴുത്തുഞെരിക്കുന്നു. അവള്‍ തന്‍റെ രാധതന്നെയാണെന്നു തിരിച്ചറിയുന്പോഴേയ്ക്കും പ്രണയിനി മരിച്ചുകഴിഞ്ഞിരുന്നു. മരണത്തിനും ജീവിതത്തിനുമിടയില്‍ നിസ്സഹായനായി തളര്‍ന്നിരിക്കുന്ന കുമാര്‍ എന്ന നാടകകൃത്തിന്‍റെ ശിരസ്സില്‍ ചിത്രഗുപ്തന്‍ കാലന്‍റെ കിരീടമണിയിക്കുന്നതോടെ നാടകം പൂര്‍ണ്ണമാവുകയാണ്.
ജീവിതത്തേയും മരണത്തേയും തീരുമാനിക്കുന്ന കാലമാണ് ഈ നാടകത്തിലെ മുഖ്യ പ്രമേയം. ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ക്കതീതമായി കാലം തളംകെട്ടിക്കിടക്കുന്ന ഭ്രമാത്മകമായ ഒരു ഇടമാണ് ഈ നാടകത്തിലെ 302-നന്പര്‍ മുറി. കാലവും കാലനും ഇവിടെ മരിച്ചുകഴിഞ്ഞിരിക്കയാണ്. കാലത്തെ മരണത്തിനും ജിവിതത്തിനും ഇടയിലുള്ള ഒരു ഇടനാഴിയില്‍ നിര്‍ത്തിക്കൊണ്ട് അതീതയാഥാര്‍ത്ഥ്യത്തിന്‍റെ തലത്തിലേയ്ക്ക് ക്രിയാംശത്തെ പ്രവേശിപ്പിച്ചിരിക്കയാണ് സംവിധായകന്‍. കാലപ്രവാഹത്തിനുള്ളിലെ ഒരു നിശ്ചലതലത്തില്‍ കുമാറിന്‍റെയും കൃഷ്ണന്‍റെയും ജീവിതകാലങ്ങള്‍ പരസ്പരം കലര്‍ന്നുനിറയുന്പോള്‍ വ്യത്യസ്തമായ ഒരു കാലബോധമാണ് പ്രേക്ഷകനു കൈവരുന്നത്. ഭൂതകാലത്തില്‍നിന്നും കാമുകിയും, സഹായിയുമായുള്ള സംവാദത്തിലുടെ ശോഭനമായ ഭാവിയും കുമാറിന്‍റെ വര്‍ത്തമാനാവസ്ഥയിലേയ്ക്ക് വന്നുചേരുകയാണ്. ചിത്രഗുപ്തന്‍റെ പുസ്തകത്തില്‍ മുന്‍കൂട്ടി എഴുതപ്പെട്ട രീതിയിലാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്.
രാധ കുമാറിന്‍റെയും കൃഷ്ണന്‍റെയും രാധയാവുന്പോള്‍ അവള്‍ പൂര്‍ണ്ണതതേടുന്ന പുരുഷകാമനയുടെ ഉപകരണമാവുകയാണ്. രാധ ശവപ്പെട്ടിയില്‍ തിരിച്ചുവന്നടങ്ങാതെ കാലന്‍റെ ശാരീകികമായ മരണംപോലും പൂര്‍ണ്ണമാവുന്നില്ല. കാലത്തെ സ്ത്രൈണവും പൗരുഷവുമായ നൈരന്തര്യമായി സമരസപ്പെടുത്തുകയും സമാന്തരങ്ങള്‍ സന്ധിക്കുന്പോള്‍ ഒരു കാലഘട്ടത്തിന്‍റെ അന്ത്യവും മറ്റൊരു കാലഘട്ടത്തിന്‍റെ ആരംഭവും കുറിക്കപ്പെടുകയും ചെയ്യുന്നു. കാലന്‍ കാലവും കാലഘട്ടവുമായി സമീകരിക്കപ്പെടുന്പോള്‍ കാലന്‍റെ കണക്കെഴുത്തുകാരനായ ചിത്രഗുപ്തന്‍ കാലത്തേയും അതിവര്‍ത്തിച്ചുകൊണ്ട് വിധേയനും വിധാതാവുമായി നിലകൊള്ളുന്നു. അതീതകാലവും പ്രവര്‍ത്തനകാലവും എന്ന കാലത്തിന്‍റെ ദ്വിമാനഭാവമാണ് ഇവിടെ പാത്രവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. ഇതിഹാസങ്ങളിലെ കാലകല്ങ്ങളുമായി സമരസപ്പെടുന്ന ഒരു കല്പനയാണിത്.
ദ്വന്ദ്വങ്ങളെ വൈരുദ്ധാത്മകമായി ബന്ധിപ്പിച്ചുകൊണ്ട് സംവേദനത്തില്‍ പുതിയ മാനം കണ്ടെത്താനുള്ള ശ്രമം നാടകത്തിലുടനീളം കാണാം. കാഴ്ചയുടെയും കേള്‍വിയുടെയും വൈരുദ്ധ്യത്തിലേയ്ക്ക് നാടകാരംഭത്തില്‍ത്തന്നെ പ്രേക്ഷകര്‍ നയിക്കപ്പെടുന്നുണ്ട്. രംഗവേദിയെ അദൃശ്യമായ ചുവരുകള്‍കൊണ്ട് മിഥ്യയും തഥ്യയുമായി വിഭജിച്ചിരിക്കുന്നു. ഒരേ സംഭവങ്ങള്‍തന്നെ ചിത്രന്‍റെയും കുമാറിന്‍റെയും വീക്ഷണത്തില്‍ വ്യത്യരീതിയിലാണ് വിശദീകരിക്കപ്പെടുന്നത്. കാലന്‍-കൃഷ്ണന്‍, ചിത്രന്‍-ചിത്രഗുപ്തന്‍, സഹായിയുടെ രൂപഭേദങ്ങള്‍, രാധയുടെ ദ്വന്ദ്വഭാവം തുടങ്ങി ദ്വന്ദ്വങ്ങളുടെ ഒരു നിരതന്നെ ഈ നാടകത്തില്‍ നിബന്ധിച്ചിട്ടുണ്ട്.
രംഗത്തിന്‍റെ അയഥാര്‍ത്ഥ തലത്തില്‍ സ്ഥിരമായി മുഖാവരണധാരികളെ ഇരുത്തുകവഴി ബുദ്ധിപൂര്‍വകമായ സ്റ്റേജ്ബാലന്‍സാണ് സാധിച്ചിരിക്കുന്നത്. ചടുലമായ രംഗചലനങ്ങളോ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവിന്യാസമോ താളവാദ്യങ്ങളുടെ അതിപ്രസരമോ ഇല്ലാതെ വര്‍ണ്ണാഭമായ വേഷപ്പകര്‍ച്ചകളും സ്ഥൂലമായ വൈരാരികമുഹൂര്‍ത്തങ്ങളും ഒഴിവാക്കിക്കൊണ്ട് സൗമ്യവും സംതുലിതവുമായ പരിചരണത്തിലൂടെ ആലോചനാമൃതവും ആസ്വാദ്യവുമായ ഒരു നാടകം ഒറുക്കിയെടുക്കാന്‍ കഴിഞ്ഞതില്‍ സംവിധായകന് അഭിമാനിക്കാം. നന്നായി ആസ്വദിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു എന്നതുതന്നെ ഈ നാടകത്തിന്‍റെ രംഗസാഫല്യത്തിനുള്ള സാക്‍ഷ്യപത്രമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ