2013, മാർ 25

ഭാഷയും ലിപിയും





ഭാഷയും ലിപിയും
=========================
സംവദനവും സംവേദനവും
====================================
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
==========================================

(ശബ്ദതാരാവലിയില്പ്രയോഗലുപതമായി കിടന്നിരുന്നു ഒരു പദമാണ് സംവദനം. “Communication”  എന്ന പദത്തിനുതുല്യമായാണ് പദത്തെ ലേഖനത്തില് പയോഗിച്ചിട്ടുള്ളത്)

ജീവിവര്ഗ്ഗങ്ങളുടെ പ്രാധമികചോദന ഇരതേടലും ഇണചേരലുമാണല്ലോ. അവയുടെ ജൈവശാസ്ത്രപരമായ നിലനില്പ്പിന്റെതന്നെ അടിസ്ഥാനം ഇരയും ഇണയുമാകുന്നു. ആഹാരാവയവങ്ങളിലും ലൈംഗികാവയവങ്ങളിലും രസാനുഭൂതികള്‍ പ്രദാനം ചെയ്യുന്ന ഇന്ദ്രിയസംവേദങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഈ അതിജീവനതന്ത്രത്തിന്റെ ഭാഗംതന്നെ. വിശപ്പ് എന്ന ശാരീരിക ചോദനയ്ക്ക് അനുപൂരകമായാണ് ഇതിന്റെ ജൈവഘടന. ഭക്ഷണത്തിനുവേണ്ടിയുള്ള വിശപ്പ ശരീരത്തിന്റെ നിലനില്പ്പിന് ഉപാധിയാകുമ്പോള്‍ ലൈംഗികമായ വിശപ്പ് വര്ഗ്ഗപരമായ നിലനില്പ്പിനുള്ള ഉപാധിയാകുന്നു. രസാനുഭവത്തിന്റെ ശാരീരികസാക്ഷാത്കാരം  തന്നെയാണ് പരിഷ്കൃതസൂഹത്തിന്റെ കലാപരവും ഭാഷാപരവുമായ എല്ലാ ഉരുവങ്ങള്‍ക്കും അടിസ്ഥാനമായത്. രസനേന്ദ്രിയങ്ങളിലുടെയാണ് ശിശുവിന്റെ ലൈംഗികചോദന വികാസം പ്രാപിക്കുന്നതെന്ന ഫ്രോയിഡിയന്‍ തിയറിയും ഇവിടെ പ്രസ്താവ്യമാണ്. വിശപ്പ് എന്ന ശാരീരികചോദനയുടെ വഴിപിരിയല്‍ ഇവിടെ കാണാം.  . സാംസ്കാരികവികാസത്തില്‍ ലൈംഗികജീവിതത്തിന്റെ ഗോത്രപരിണാമത്തെ രാഹുല്‍ സാംകൃത്യായന്‍ സര്ഗ്ഗാത്മകമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പരിണാമത്തിന്റെ താഴ്ന്ന ശ്രേണിയില്പെട്ട ജീവിവര്ഗ്ഗങ്ങളിലും സസ്യങ്ങളിലും അജൈവ പ്രജനനവും നിലനില്ക്കുന്നു. നാഡീവ്യൂഹങ്ങള്‍ വീകസിച്ചിട്ടില്ലാത്ത ജീവികള്‍പോലും പരിസരവുമായി സംവദനം പുലര്‍ത്തുന്നുണ്ട്. തലമുറകളായി പകര്ന്നുകിട്ടിയ ജന്മവാസനയുമായിട്ടാണ് ഓരോ ജീവിയും പിറന്നുവീഴുന്നത്. പരിണാമശ്രേണിയിലെ നിലയനുസരിച്ച് ഇത് ഏറിയും കുറഞ്ഞുമിരിക്കുമെന്നേയുള്ളൂ.. ഇണയോടുള്ള ആസക്തിയാണല്ലോ പ്രണയമായി പരിഷ്കരിക്കപ്പെടുന്നത്. സ്നേഹത്തിന്റെ വ്യത്യസ്തരൂപങ്ങളായി പരിണമിക്കുന്നത് അടിസ്ഥാനപരമായി രതിതന്നെയാകുന്നു. ദ്വിമുഖമായ വിശപ്പണ് വിവിധമായ വൈകാരികഭാവങ്ങള്ക്കു നിദാനമായി ര്‍ത്തിക്കുന്നത്. രക്തിയുടെ വിപരീതഭാവമാണ് വിരക്തി. പരസ്പരം അകലാനുള്ള പ്രവണതയാണത്. സ്വന്തം പരിസരവുമായി ബന്ധം സ്ഥാപിക്കുമ്പോള്ത്തന്നെ അതുമായി വേറിട്ടുനില്ക്കുക എന്നതും ജൈവശരീരത്തിന്റെ അസ്തിത്വപരമായ ധര്മ്മമാണ്.

പ്രകൃതിയുമായുള്ള ജീവിവര്ഗ്ഗത്തിന്റെ ഇടപെടലാണ് പ്രതികരണത്തിന്റെ ബീജമായി ത്തീര്ന്നത്. ആദിജലത്തില്നിന്നും ആദ്യജീവകോശം ഉരുവമായതുമുതല്‍ ഇതാരംഭിച്ചിരിക്കുന്നു. ജൈവപ്രകൃതിയും അജൈവപരിസരവുമാണ് ഇവിടെ പ്രതികരണ ദ്വന്ദ്വങ്ങള്. എന്നാല് സംവദനത്തിന് സംവേദനങ്ങള്ക്കപ്പുറം പ്രസക്തിയില്ല. യഥാര്ത്ഥത്തില് പ്രാഥമികരൂപത്തില്‍പ്പോലും സംവദനം ആരംഭിക്കുന്നത് ജൈവഉരുവങ്ങളുടെ പരസ്പരമുള്ള ഇടപെടലോടുകൂടിയാണ്. ഇവിടെയും ചോദന ഇരയും ഇണയുംതന്നെ. ജ്ഞാനേന്ത്രിയങ്ങളുടെ വികാസത്തോടൊപ്പം ഇത് തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേയ്ക്ക് പ്രവേശിക്കുന്നതായി കാണാം. പ്രതികരണങ്ങളെ പ്രതീകങ്ങളാക്കിമാറ്റിയെടുക്കാനും ബോധത്തില്‍ നിലനിര്ത്താനുമുള്ള കഴിവാണത്. ഭയംമുതലുള്ള എല്ലാ വികാരങ്ങളുടെയും രൂപീകരണം പ്രതീകവത്കരണത്തിന്റെ ഫലമായി സംഭവിച്ചതാണ്. ബോധത്തില്‍ പ്രതീകങ്ങള്‍ രൂപപ്പെടുന്നവിധം നാഡീവ്യവസ്ഥ വികസിച്ചിച്ചിട്ടില്ലാത്ത ജീവികളും അപകടാവസ്ഥകളില്നിന്നും അകലാനുള്ള ത്വര പ്രകടിപ്പിക്കാറുണ്ട്. അബോധമായ പ്രതികരണമാണിത്. ബോധമനസ്സില്‍ രൂഢമുലമായ പ്രതീകങ്ങളെ കൃത്രിമപ്രചോദനോപാധികളിലുടെ മാറ്റിയെടുക്കാമെന്ന് 'കണ്ടീഷനിങ്റിഫ്ലക്സ്' ആവിഷ്കരിച്ച ഇവാന്‍ പാവ്ലോവ് പട്ടികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.  

മണ്ണിര വെയിലില്നിന്നും പിടഞ്ഞുമാറാന്‍ ശ്രമിക്കുന്നത് അതിന്റെ ബോധത്തില്‍ പ്രതിഫലിക്കുന്ന ഭയത്തിന്റെ പ്രേരണകൊണ്ടല്ല. പരിസരം ചെലുത്തുന്ന പ്രേരണയുടെ അബോധമായ പ്രതികരണമാണത്. എന്നാല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുന്നത് അനുഭവത്തിലൂടെ മനസ്സില്‍ രൂപംകൊണ്ട പ്തീകങ്ങളുടെ പ്രചോദനംമൂലമാണ്. ജന്മവാസന എന്ന സംജ്ഞയില്‍ ഇതിനെ സാമാന്യവല്ക്കരിക്കുന്നതില്‍ അര്ത്ഥമില്ല. അലിംഗ പ്രജനനത്തില്‍നിന്നും ദ്വിലിംഗ പ്രജനനത്തിലേക്കുള്ള ജീവകോശങ്ങളുടെ പരിണാമം സംവേദനപ്രക്രിയകള്ക്ക് പുതിയ രൂപം നല്കി. ചയാപചയങ്ങള്ക്കുള്ള ചോദനയോടൊപ്പം ലൈംഗികമായ ആസക്തിയും ചേര്ന്നപ്പോള്‍ നാഡീവ്യവസ്ഥയുടെ വികാസം ത്വരിതപ്പെടുകയും വ്യത്യസ്ത ജീവിവര്ഗ്ഗങ്ങളുടെ മസ്തിഷ്കവികാസത്തിന് ആക്കം കൂടുകയും ചെയ്തു. പ്രതീകങ്ങളെ നിലനിര്ത്താനും വിശകലനം ചെയാനും ഉന്നതശ്രേണിയില്പ്പെട്ട ജീവികളുടെ മസ്തിഷ്കം പ്രാപ്തി കൈവരിച്ചതോടെ അത് സഹജീവികളിലേക്ക് പകര്ന്നുനല്‍കാനുള്ള ഉപാധികളും രൂപകൊണ്ടു. പ്രധാനമായും ശബ്ദവും ചലനവുമായിരുന്നു സംവദിക്കാനുള്ള ഉപാധികള്‍. സുഷുമ്നയുടെയും മസ്തിഷ്കത്തിന്റെയും വികാസം ശാരീരികാവയവങ്ങളുടെ വികാസത്തില്‍ തിരിച്ചും സ്വാധീനം ചെലുത്തി.

ഉപകരണങ്ങള്‍ നിമര്മ്മിക്കുന്ന മൃഗം എന്ന നിര്വ്വചനം മനുഷ്യന് ഏറ്റവും അനുയോജ്യം തന്നെ. അദ്ധ്വാനം നിലനില്പ്പിനുള്ള ഉപാധി എന്നതിനുപരി മനുഷ്യന്‍ തന്നെ അദ്ധ്വാനത്തിന്റെ ഉല്പ്പന്നമാണെന്ന് 'വാനരനില്‍നിന്ന് നരനിലേക്കുള്ള പരിവര്ത്തനത്തില്‍ അദ്ധ്വാനത്തിന്റെ പങ്ക്' എന്ന കൃതിയില്‍ എംഗല്‍സ് സമര്ത്ഥിച്ചിട്ടുണ്ട്. ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തിലെ വളര്ച്ചയുടെ പരസ്പരബന്ധത്തെക്കുറിള്ള നിയമപ്രകാരം ചില അവയവങ്ങളുടെ പ്രത്യേകരൂപവും അവയുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത മറ്റുചില അവയവങ്ങളുടെ രൂപഘടനയും തമ്മില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടായിരിക്കും. പിളര്ന്ന കുളമ്പുകളുള്ള മൃഗങ്ങള്‍ അയവിറക്കുന്ന അറകളുള്ള ആമാശയത്തോടുകൂടിയ തായിരിക്കുമെന്നത് ഇതിന് ഉദാഹരണമാണ്. കൈകളും മസ്തിഷ്കവുമായുള്ള ബന്ധവും ഇത്തരത്തിലുള്ളതാണ്. ടൂളുകള്‍ ഉപയോഗിക്കുമ്പോഴുള്ള വ്യത്യസ്തമായ ചലനങ്ങള്‍ മനുഷ്യമസ്തിഷ്കത്തെ പ്രത്യേകരീതിയില്‍ വികസിക്കാന്‍ സഹായിച്ച ഘടകമാണ്. അതുപോലെ മസ്തിഷ്കവികാസം കൈകളുടെ വൈദഗ്ദ്ധ്യത്തെയും പരിഷ്കരിച്ചുകൊണ്ടേയിരുന്നു. ബിംബങ്ങളും ആശയങ്ങളും രൂപംകൊള്ളുന്ന മസ്തിഷ്കം സ്വനപേടകത്തിന്റ പരിഷ്കരണത്തിനും നിദാനമായി.

ന്ദ്രിയക്ഷമതയില്‍ പല ജന്തുക്കളും പല കാര്യങ്ങളിലും മനുഷ്യനെക്കാള്‍ മുന്നിട്ടുനില്ക്കുന്നുണ്ട്. പട്ടികളുടെ മണംപിടിക്കാനും കേള്ക്കാനുമുള്ള കഴിവ്, കഴുകന്‍ കണ്ണുകളുടെ സൂക്ഷ്മത തുടങ്ങി എത്രയോ ഉദാഹരണങ്ങളുണ്ട്. കമ്മ്യൂണിക്കേഷന് ആനകള്‍ ഇന്ഫ്രാസൌണ്ട് ഉപയോഗിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. Pro. Katharine Payne രചിച്ച 'Silent thunder' എന്ന പുസ്തകം ആനകളുടെ 'infrasound' ആശയ വിനിമയത്തെക്കുറിച്ചുള്ള പഠനഗ്രന്ഥമാണ്. നുഷ്യനു കേള്ക്കാന്‍ പറ്റാത്ത 20 ഹെട്സില്‍ താഴെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങളാണ് ആനകള്‍ പുറപ്പെടുവിക്കുന്നത്. വായുവിലുടെ 6 കിലോമീറ്ററില്‍പ്പരം ദൂരെവരെ സ്ഥിതിചെയ്യുന്ന ആനകളുമായി പരസ്പരം ബന്ധപ്പെടാന്‍ അവയ്ക്കു കഴിയും. ഭൌമോപരിതലത്തിലുടെ കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ ശബ്ദതരംഗങ്ങള്ക്കു കഴിവുണ്ട്. ചെവികള്ക്കുപുറമെ ചെണ്ടപോലുള്ള പാദങ്ങളിലൂടെയും തുമ്പിക്കൈയിലൂടെയും ഭൌമതരംഗങ്ങള്‍ മനസ്സിലാക്കുന്നവരാണ് ആനകള്‍. ഇന്ഫ്രാസൌണ്ട് ഉപയോഗിച്ച് ആനകള്‍ പാടാറുണ്ടെന്ന് ഗവേഷകര്‍ അടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി. മനുഷ്യരെപ്പോലെ ആനകളിലും ശബ്ദം സൃഷ്ടിക്കപ്പെടുന്നത് സ്വനപേടകത്തിലൂടെ വായു പ്രവഹിപ്പിച്ചുണ്ടാക്കുന്ന കമ്പനങ്ങളിലുടെയാണ്, മറ്റു മൃഗങ്ങളെപ്പോലെ വോക്കല്കോഡിന്റെ ചാഞ്ചാട്ടംകൊണ്ടല്ല.  ചരിഞ്ഞ ഒരു ആഫ്രിക്കന്‍ആനയുടെ സ്വനപേടകം പുറത്തെടുത്തു നടത്തിയ പരീക്ഷണത്തില്‍ ജര്മ്മന്‍ ശാസ്ത്രജ്ഞരാണ് ഇതു കണ്ടെത്തിയത്.

ഇന്ഫ്രാസൌണ്ട് വായുവിലൂടെ സഞ്ചരിക്കുന്നതിനേക്കാള് വേഗത്തില്‍ ഭൂമിയിലൂടെ സഞ്ചരിക്കും. പ്രകൃതിപ്രതിഭാസങ്ങളെ ആനകള്ക്കു മുന്കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇതറിയാനുള്ള കഴിവുമൂലമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. പ്രകൃതിപ്രതിഭാസങ്ങളെ മുന്കൂട്ടിയറിയുവാന്‍ പക്ഷിമൃഗാദികള്ക്ക് കഴിവുണ്ടെന്ന് പണ്ടുകാലംമുതല്തന്നെ ആളുകള്‍ വിശ്വസിച്ചിരുന്നു. അഗ്നിപര്‍വതസ്ഫോടനം, ഭൂമികുലുക്കം, തിരമാലകള്‍, ഹിമപാതം, വെള്ളച്ചാട്ടം തുടങ്ങിയ പ്രതിഭാസങ്ങള്‍മൂലം ഇന്ഫ്രാസൌണ്ട് തരംഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. മനുഷ്യനു കേള്ക്കാന്‍ കഴിയില്ലെങ്കിലും ജൈവകലകളില്‍ ശക്തമായ മര്ദ്ദം ചെലുത്താന്‍ അവയ്ക്കു കഴിയും. ക്രാക്കറ്റോവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍ ആയിരം മൈലുകള്‍ അകലെയുള്ള വീടുകളുടെ ജനാലച്ചില്ലുകള്‍പോലും പിളരുകയുണ്ടായി. അന്തരീക്ഷത്തിലും ഭൂമിയിലും നാലുമണിക്കൂര്‍ നേരത്തോളം സമ്മര്ദ്ദതരംഗങ്ങള്‍ നിലനിന്നു. 2004 ലെ സുനാമിയില്‍ ഇന്തോനേഷ്യന്‍ കടപ്പുറത്തുണ്ടായിരുന്ന ആനകള്‍ മണിക്കൂറുകള്ക്കുമുമ്പുതന്നെ ഉയര്‍ന്നസ്ഥലത്തേക്ക് ഓടിപ്പോയതായി വാര്ത്തയുണ്ടായിരുന്നു.
ദേശാടനപ്പക്ഷികള്‍ സഞ്ചാരപഥം നിര്ണ്ണയിക്കാന്‍ ഇന്ഫ്രാസൌണ്ട് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പന്തയപ്രാവുകള്ക്ക് ഇന്ഫ്രാസൌണ്ട് പുറപ്പടുവിക്കാനുള്ള കഴിവുണ്ടെന്ന് U.S. ജിയോളജിക്കല്‍ സർവെയിലെ John Hagstrum അഭിപ്രായപ്പെടുന്നു. ഒരു പന്തയപ്രാവ് 1100 മൈല്‍ പറന്ന് തിരിച്ചെത്തിയത് ഒരു റെക്കാഡാണ്. ഹംപ്ബാക്ക് തിമിംഗലങ്ങളുടെ പാട്ടുകള്‍ (whale song) റെക്കാഡുചയ്യാന് ശാസ്ത്രജ്ഞര്ക്കു കഴിഞ്ഞിട്ടുണ്ട്. മൈലുകള്‍ ദൂരെയുള്ള ഇണകളുമായി ഇവ സംഗീതാത്മകമായി സല്ലപിക്കാറുണ്ടത്രെ. ശബ്ദം പുറപ്പെടുവിക്കുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും മനുഷ്യ ശബ്ദങ്ങളെ അനകരിക്കാന്‍ ഇവയ്ക്കുള്ള പാടവം കൌതുകകരമാണ്.

ഇന്ദ്രിയാനുഭവങ്ങളെ മനസ്സില്‍ ഉറപ്പിച്ച പൂര്‍വ്വബിംബങ്ങളുമായി താരതമ്യപ്പെടുത്തി വിവേചിച്ചറിയാനുള്ള കഴിവ് പരിമിതമായാണെങ്കിലും മറ്റു ജീവികളും പ്രകടിപ്പിക്കാറുണ്ട്. ശരീരത്തിന്റെ നൃത്തചലനങ്ങളെ സംവദനത്തിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തുന്നതില്‍ തേനീച്ചകള്‍ പ്രകടിപ്പിക്കുന്ന പാടവം ഇതിനുദാഹരണമാണ്. കോളനികള്‍ നിര്മ്മിച്ച് സാമൂഹ്യജീവിതംനയിക്കുന്ന തേനീച്ചകള്‍ പരസ്പരം ആശയങ്ങള്‍ കൈമാറുന്നതിന് നൃത്തഭാഷതന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. സങ്കീര്ണ്ണമായ ഈ നൃത്തഭാഷ ഏറെയൊന്നും ശാസ്ത്രജ്ഞര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വൃത്തത്തില്‍ ചലിച്ചുകൊണ്ടുള്ള round dance, വശങ്ങളിലേക്കു ചാഞ്ചാടിയുള്ള waggle dance എന്നിങ്ങനെ രണ്ടുതരം നൃത്തങ്ങളുണ്ട്. പൂകള്‍തേടിയിറങ്ങുന്ന വേലക്കാരികള്‍ കൂട്ടില്‍ തിരിച്ചെത്തി പൂക്കളുടെ തരം ലഭ്യത കൂട്ടിലേക്കുള്ള ദൂരം ദിശ തുടങ്ങിയ വിവരങ്ങള്‍ നൃത്തഭാഷയിലൂടെ സംവദനം ചെയ്യുകയും ആവശ്യമായത്രയും വേലക്കാരി ഈച്ചകള്‍ ആ ദിശയിലേക്കു പുറപ്പെടുകയും ചെയ്യും. സൂര്യമണ്ഡലത്തെ ലംബമാക്കി കൂടുമായി ബന്ധപ്പെടുത്തിയാണ് ഇവ ദിശ നിര്ണ്ണയിക്കുന്നത്. മൂടലുള്ള ദിവസങ്ങളിലും സൂര്യന്റെ സ്ഥാനം കണക്കാക്കാന് അവയ്ക്കു കഴിയും.
 ഗന്ധങ്ങളെ സംവദനചിഹ്നങ്ങളായി ഉപയോഗപ്പെടുത്തുന്ന ജീവികളെയും കാണാന്‍ കഴിയും. കൊതുകുകള്‍ വളരെ അകലെനിന്നുപോലും മനുഷ്യന്റെ വിയര്പ്പിന്റെ ഗന്ധം തിരിച്ചറിയാറുണ്ട്. ശ്രദ്ധയെ ഏകാഗ്രമാക്കി എഴുതുകയും വായിക്കുകയും മറ്റും ചെയ്യുന്ന സന്ദര്ഭങ്ങളില്‍ കൊതുകുകള്‍ കൂടുതലായി ആക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്ഭങ്ങളില്‍ ശരീരം പുറപ്പെടുവിക്കുന്ന ഹോര്മോണുകളുടെ ഗന്ധമാണോ അവയെ ആകര്ഷിക്കുന്നതെന്നത് ഒരു ഗവേഷണവിഷയമാണ്. സാമൂഹ്യജീവിതം നയിക്കുന്ന ചിതലുകളും ഉറുമ്പുകളും ഗന്ധങ്ങളെ സംവദനചിഹ്നങ്ങളായി ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ഉറുമ്പുകളുടെ പാതയ്ക്കുകുറുകെ വെള്ളംതൊട്ടുവരഞ്ഞ് ഗന്ധം നഷ്ടപ്പെടുത്തി അവയെ വഴിതെറ്റിക്കുന്നത് കുട്ടിക്കാലത്തെ ഇഷ്ടവിനോദമായിരുന്നു. ല്‍നിനോ എന്നപ്രതിഭാസം സമുദ്രോപരിഭാഗത്തുള്ള ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റംകൊണ്ടുണ്ടാവുന്ന താണെന്നാണ് ഒരു നിഗമനം. ഇത്തരം സന്ദര്ഭങ്ങളില്‍ ഉറുമ്പുകള്‍ ദേശാതിര്‍ത്തികള്‍ കടന്ന് സഞ്ചരിക്കാറുള്ളത് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. യാത്രപോക്കുന്ന നായ്ക്കള്‍ വിളക്കുകാലുകളിലും മരങ്ങളിലും മൂത്രമിറ്റിക്കുന്നത് തിരിച്ചുവരാനുള്ള വഴി അടയാളപ്പെടുത്തുന്നതിനുവേണ്ടിയാണ്.

പല മൃഗങ്ങള്ക്കും മനുഷ്യനേക്കാള്‍ ശ്രവണശക്തിയും ഘ്രാണശക്തിയും മറ്റുമുണ്ടെങ്കിലും വിവേചനശക്തി താരതമ്യേന കുറവാണ്. സ്വനപേടകത്തിന്റെ വികാസവും സാമൂഹ്യജീവിതവും മനുഷ്യന് സംവദനത്തിനുള്ള ത്വര വര്ധിപ്പിക്കുകയും സ്പഷ്ടമായ ശബ്ദങ്ങള്‍ ഉച്ചരിക്കാനുള്ള കഴിവുണ്ടാവുകയും ചെയ്തു. പ്രതീകങ്ങളെ ചിഹ്നങ്ങളാക്കി പുനര്സൃഷ്ടക്കുന്ന മനുഷ്യഭാഷയുടെ സാക്ഷാത്കാരത്തിലേയ്ക്കാണ് ഇതു വഴിതുറന്നത്. അദ്ധ്വാനത്തില്നിന്നും അതോടൊപ്പവുമാണ് ഭാഷ രൂപംകൊണ്ടതും വളര്ച്ച പ്രാപിച്ചതും. കൈകളും മസ്തിഷ്കവുമായുള്ള ബന്ധം സൂചിപ്പിച്ചുവല്ലോ. വാക്കുകള്‍ ഉച്ചരിക്കുന്നതോടൊപ്പം കൈകളുടെ ചലനം ശ്രദ്ധിച്ചാല്‍ തലച്ചോറിലെ ഭാഷാകേന്ത്രവുമായി ഈ അവയവത്തിനുള്ള പ്രത്യേക ബന്ധം മനസ്സിലാക്കാം. അതോടൊപ്പം തന്നെ ഉച്ചാരണത്തിന് സഹായിക്കുന്ന മറ്റ് അവയവങ്ങളുടെ വികാസവും ശബ്ദങ്ങളെ വിവേചിച്ചറിയാനുള്ള ശ്രവണാവയവങ്ങളുടെ വികാസവും സംഭവിക്കുന്നു. ബുദ്ധിമണ്ഡലത്തിന്റെയും അനുബന്ധ അവയവങ്ങളുടെയും പ്രത്യേകരീതിയിലുള്ള വിശേഷവത്ക്കരണത്തിന് നിരന്തര പ്രേകണയായി വര്ത്തിക്കുന്നത് മൃഗങ്ങളില്നിന്നും വ്യത്യസ്തമായി ഉപകരണങ്ങള് ഉപയോഗിച്ചുള്ള മനുഷ്യന്റെ അദ്ധ്വാനം തന്നെയാണ്.

ആശയത്തെ ചിഹ്നങ്ങളാക്കി അടയാളപ്പെടുത്തുക എന്നത് കേവലം ശബ്ദവും ഗന്ധവും ചലനവും ഉപയോഗിച്ചുള്ള സംവദനരീതിലിയില്നിന്നും തികച്ചും വ്യത്യസ്തമായി ലിപിയുടെ രൂപീകരണത്തിലേക്കുള്ള ആദ്യപടിയാണ്. വഴി കണ്ടെത്താനായി നായ മൂത്രം മണത്തെടുക്കുമ്പോള്‍ അതിന്റെ മനസ്സില്‍ തെളിയുനത് തിരിച്ചെത്താനുള്ള സ്ഥലവും അങ്ങോട്ടു നയിക്കുന്ന വഴിയുടെ രൂപരേഖയുമാണ്. ലിപികളിലുടെ അടയാളപ്പെടുത്തപ്പെട്ട ആശയം വായിച്ചെടുക്കുന്നതിനു തുല്യമായ ഒരു പ്രക്രിയയാണത്. ആയുധങ്ങളുപയോഗിച്ച് നായാടാനാരംഭിച്ച  ഗുഹാമനുഷ്യനോടൊപ്പം വളര്ത്തുമൃഗമായി ആദ്യം വന്നുചേര്ന്നത് വേട്ടമൃഗങ്ങളുടെ അവശിഷ്ടങ്ങള് തേടിയെത്തിയ കാട്ടുനായ തന്നെ. മസ്തിഷ്കവും നാഡീവ്യൂഹവും വികസിച്ചുകഴിഞ്ഞ മനുഷ്യന്‍ സാമൂഹ്യ ഇടപെടലുകളുടെ ഫലമായി ആംഗ്യഭാഷയും ശബ്ദചിഹ്നങ്ങളും രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു. സൂക്ഷ്മമായി നിരീക്ഷിക്കാനും പക്ഷിമൃഗാദികളുടെ ശബ്ദങ്ങള്‍ അനുകരിച്ച് അവയെ ആകര്‍ഷിക്കാനും ബുദ്ധിയും സ്വനപേടകത്തിന്റെ വികാസവും അവനെ പ്രാപ്തനാക്കി. മനുഷ്യന്‍ ആദ്യമായുപയോഗിച്ച ല്പികള്‍ നായാട്ടുപാതകള്‍ അടയാളപ്പെടുത്തിയ കല്ലുകളും നായ്ക്കളെ അനുകരിച്ച് മരങ്ങളില്‍ കോറിയിട്ട അടയാളങ്ങളുമാ ണെന്നുകരുതുന്നതില്‍ തെറ്റില്ല.


എംഗല്‍സിന്റെ മനോഹരമായ ഒരു വാക്യം കടമെടുത്താല്‍ അദ്ധ്വാനത്തിന്റെ വൈവിദ്ധ്യപൂര്ണ്ണവും സങ്കീര്ണ്ണവുമായ പ്രവര്ത്തനങ്ങളിലുള്ള നിരന്തരമായ ഏര്പ്പെടല്കാരണമാണ് റാഫേലിന്റെ ചിത്രങ്ങളും തോര്‍വാള്‍സന്‍റെ ശില്പങ്ങളും പഗനീനിയുടെ സംഗീതവും സൃഷ്ടിച്ചെടുക്കാന് കഴിവുള്ള തികച്ചും പരിപൂര്ണ്ണമായ വിധത്തില്‍ മനുഷ്യന്റെ കൈ രൂപംകൊണ്ടത്. മൃഗങ്ങളില്നിന്നും വ്യത്യസ്ഥമായി ശരിക്കുമുള്ള അദ്ധ്വാനം ആരംഭിക്കുന്നത് ഉപകരണങ്ങളുടെ നിര്മാണത്തോടെയാണ്. പ്രകൃതിയില്നിന്നും ശേഖരിക്കുക എന്നരീതിയില്നിന്നും പ്രകൃതിയെ തനിക്കനുകൂലമായി മാറ്റിമറിക്കുക എന്നരീതിയിലേക്ക് മനുഷ്യന്‍ വളര്ന്നതോടെ വ്യത്യസ്ത സമൂഹങ്ങളും രൂപം പ്രാപിക്കുന്നതായി കാണാം. ആശയവിനിമയം അവിഭാജ്യഘടകമായിത്തീര്ന്നതോടെ ഭാഷയുടെ വികാസം വേഗത്തിലായി. ഭാഷയുടെ വികാസം അദ്ധ്വാനം ആസൂത്രണംചെയ്യുന്ന മനസ്സിനെ ഒന്നാംസ്ഥാനത്ത് പ്രതിഷ്ടിക്കുകയും കൈകളെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. കലാപരമായ കഴിവുകള്‍ വികാസം പ്രാപിക്കാന്‍ ഇതു കാരണമായിത്തീര്ന്നു. ഗുഹാമനുഷ്യരുടെ വിരലുകള്പോലും എത്രമാത്രം വൈദഗ്ദ്ധ്യം കൈവരിച്ചിരുന്നെന്ന് ഗുഹാചിത്രങ്ങളും ചിഹ്നങ്ങളും പരിശോധിച്ചാല് മനസ്സിലാകും. ഭാഷാരൂപീകരണത്തെക്കുറിച്ചുള്ള ഐലസാ സിദ്ധാന്തവു അദ്ധ്വാനവുമായി ബന്ധപ്പെട്ടതാണ്.

ഭാഷയെ ചിത്രങ്ങളില് ആവിഷ്ക്കരിക്കുന്ന രീതി ആശയങ്ങളെ രേഖപ്പെടുത്തുവാനും വിനിമയം ചെയ്യാനുള്ള വഴിമാത്രമല്ല വ്യാഖ്യാനങ്ങളിലൂടെ പുതിയ തലങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രചോദനംകൂടിയാണ്. നൃത്തത്തില്‍ ഗാനങ്ങളുടെയും സംഗീതത്തിന്റെയും സമന്വയം സ്വാഭാവികമാണല്ലോ. സാഹിത്യത്തിന്റെ വികാസത്തിനു ഇതെല്ലാം കാരണമായി. അപരിഷ്കൃത ഗോത്രവര്ഗ്ഗങ്ങളില്പ്പോലും നൃത്ത കലകളും, ഗാനങ്ങളും കഥകളുമുള്പ്പെടുന്ന സാഹിത്യം സംസ്ക്കാരത്തിന്റ ഭാഗമായുണ്ടെന്ന് നമുക്കറിയാം. വാക്കുകളും ശബ്ദങ്ങളും ആവര്ത്തിക്കുന്നതിലൂടെ അഭൌമമായ ആത്മശക്തി തിരിച്ചുകിട്ടുന്നതായും പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ കഴിയുന്നതായും മനുഷ്യന് അനുഭവപ്പെട്ടു. ഗോത്രവര്ഗ്ഗ സാഹിത്യങ്ങളില്‍ മന്ത്രങ്ങള്ക്കുള്ള പ്രാധാന്യം ഫോക്ലോറിസ്റ്റുകള്‍ മനസ്സിലാക്കിയിട്ടുണ്ട്. പ്രതിഭാസങ്ങളോടുള്ള മുഖാമുഖസമരത്തില്‍ മന്ത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ പ്രാര്ത്ഥനയുടെ തന്ത്രവും പരീക്ഷിക്കപ്പെട്ടു. പ്രകൃതിശക്തികളോടുള്ള ആരാധനയിലേക്കുള്ള വഴിതുറക്കലായിരുന്നത്; അഭൌമപ്രതിബിംബമായ മത ദര്ശനത്തിലേക്കുള്ള കവാടവും. ഫ്രോയിഡിന്‍റെ ശിഷ്യനായ യുങ്ങ് അവതരിപ്പിച്ച ഉപബോധമനസ്സിലെ ആദിരൂപങ്ങളെക്കുറിച്ചുള്ള സിദ്ധാന്തം ഇവിടെ സ്മരണീയമാണ്.

പ്രകൃതിശക്തികളുടെ പ്രതീകമായിരുന്ന ദൈവങ്ങള്ക്ക് മാനുഷികമായ രൂപഭാവങ്ങള്‍ കൈവന്നത് വര്ഗ്ഗസൂഹത്തിന്റെ ആവിര്ഭാവത്തോടെയാണ്. മിത്തുകളും ഇതിഹാസങ്ങളും സൌന്ദര്യബോധത്തെയും കലകളുടെ രൂപഭാവങ്ങളെയും നവീകരിച്ചതോടൊപ്പം ആത്മീയദര്ശനങ്ങളുടെ പ്രചാരണവും സംരക്ഷണവും ഉറപ്പുവരുത്തുകയും ചെയ്തു. വാക്കുകളും വാചകങ്ങളും വര്ണ്ണാക്ഷരധ്വനികളും ശാസ്ത്ര സാഹിത്യ നിബന്ധങ്ങളും സൃഷ്ടിക്കപ്പെട്ടുവെങ്കിലും അവ കൃത്യമായി രേഖപ്പെടുത്തുവാന്‍ പര്യാപ്തമായ ലിപികള്‍ രൂപപ്പട്ടത് വളരെക്കാലത്തിനുശേഷമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യസൃഷ്ടി ഋഗ് വേദമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മാര്ക്സ്മുള്ളറുടെ (German Philologist) പ്രബന്ധങ്ങള്‍ വേദോപനിഷത്തുകളുടെ പഠനത്തില് പ്രസിദ്ധമാണല്ലോ. മദ്ധ്യേഷ്യയില്നിന്നും മേച്ചില്പ്പുറങ്ങള്തേടിയുള്ള യാത്രകള്‍ക്കിടയില്‍ രചിക്കപ്പെട്ട മന്ത്രങ്ങളും തത്വചിന്തകളും കഥകളുമാണ് ഋഗ്വേദത്തിന്റെ ഉള്ളടക്കം. തലമുറകളിലൂടെ വാമൊഴിയായി കൈമാറ്റംചെയ്യപ്പെട്ട ഈകൃതി പൂര്ണ്ണരൂപത്തില്‍ വരമൊഴിയായി രേഖപ്പെടുത്തപ്പെട്ടത് ഗുപ്തകാലഘട്ടത്തില്‍ ബ്രാഹ്മിയില്നിന്നും ദേവനാഗിരിലിപി രൂപപ്പെട്ടതിനുശേഷം മാത്രമാണ്.  

4000 ത്തില്പ്പരം ഭാഷകള്‍ കണ്ടെത്തപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ പകുതിയെണ്ണത്തിനുപോലും സ്വന്തമായി വരമൊഴിരൂപമില്ല. വാമൊഴിയിലൂടെ തലമുറകളായി കൈമാറ്റംചെയ്യപ്പെടുന്നതിലൂടെ ജൈവഭാഷകളായി നിലനില്ക്കുകയും വളരുകയും ചെയ്യുന്ന ഇവയ്ക്ക് കഥകളും ഗാനങ്ങളുമുള്പ്പെടുന്ന അറിവുകളും സാഹിത്യവുമുണ്ട്. സമ്പൂര്ണ്ണ ലിപി തേടിയൂള്ള യാത്രയില്‍ പരീക്ഷിക്കപ്പെട്ട ലിപിരൂപങ്ങൂടെ പഠനം രസകരമായ ഒരു വിജ്ഞാനമേഖലയാണ്. ലിഖിതരൂപത്തിലുള്ള ലിപിപരിണാമപ്രക്രിയയ്ക്ക് 4000 വര്ഷത്തില്കൂടുതല്‍ പഴക്കമുണ്ടെന്ന് Eric Havelok നെപ്പോലുള്ള Grammatologist കള്‍ അഭിപ്രായപ്പെടുന്നു. ചിത്രങ്ങളില്‍ ആശയം രൂപപ്പെടുത്തുന്ന ചിത്രലിപി (pictograph), ചരടില്‍ കെട്ടുകളിട്ടും മുത്തുകള്‍ കോര്‍ത്തും ആശയവിനിമയം ചെയ്യുന്ന സൂത്രലിപി (logogram), പ്രതീകാത്മകലിപി (symbolic writing), ആശയലിപി (ideographic writing), ഭാവധ്വനിമൂലകലിപി (ideographic-phonetic writing), ധ്വനിമൂലകലിപി (phonetic writing) എന്നിങ്ങനെ ആറു ഘട്ടങ്ങള്‍ ലിപിശാസ്ത്രജ്ഞന്മാര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഈ ലിപിരൂപങ്ങളെല്ലാംതന്നെ വിവിധ മേഖലകളില്‍ ആധുനികമനുഷ്യനും ഉപയോഗപ്പെടുത്തുന്നുണ്ടെന്നത് കൌതുകകരമാണ്. വരമൊഴിയുടെ പ്രഥമരൂപമായ ചിത്രലിപിയുടെ സാദ്ധ്യതകള്‍ ഇന്നും കമ്പ്യൂട്ടര്‍, ട്രാഫിക് സിഗ്നല്‍ തുടങ്ങി നിരവധി മേഖലകളില്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രതീക-ഭാവധ്വനിചിഹ്നങ്ങളുടെ ഒരു സങ്കരമാണ് ചൈനീസ് ലിപികള്‍. വര്ണ്ണങ്ങളോ അക്ഷരങ്ങളോ ഇല്ലാതെ പദങ്ങളെ ചിഹ്നങ്ങളിലൂടെ രേഖപ്പെടുത്തന്ന ചൈനീസ് ഭാഷയില്‍ 5000ത്തോളം അടയാളങ്ങള്‍ നിലവിലുണ്ട്. ശബ്ദത്തെ നേരിട്ട് ചിഹ്നങ്ങളില്‍ ആവിഷ്കരിക്കുന്ന ഫോണറ്റിക് ലിപിരൂപം പാശ്ചാത്യഭാഷകളില്‍ ഉടലെടുത്തത് സെമിറ്റിക് അക്ഷരമാലയോടെയാണ്. ബി സി 1500നുമുമ്പ് ഈജിപ്റ്റില്‍ നിലവിലുണ്ടായിരുന്ന പ്രധമികസെമിറ്റിക് ലിപിസങ്കരം രേഖപ്പെടുത്തിയ ശിലാഫലകം സര്‍ ഫ്രാന്‍സിസ് ലെനോര്‍മെന്‍റ്  കണ്ടെടുത്തിട്ടുണ്ട്. സെമിറ്റിക്-ഈജിപഷ്യന്‍ വര്ണമാലകള്‍, ബാബിലോണിയന്‍ ക്യൂണിഫോം, ഭാരതീയ ബ്രാഹ്മി- ഖരോഷ്ടി തുടങ്ങിയവയല്ലാം ശബ്ദത്തെ പകര്ത്തുന്ന ഫോണിക് വര്ണ്ണമാലകളില്‍ പെടുന്നു. ഫിനിഷ്യന്‍, ഗ്രീക്, എറ്റ്റൂസ്കന്‍, ലാറ്റിന്‍, റോമന്‍, അറബി തുടങ്ങിയ ലിപികള്‍ ഇവ പരിണമിച്ചുണ്ടായതാണ്. സംഗീതത്തിലെ സപ്തസ്വരങ്ങള്‍ പോലെ മനുഷ്യഭാഷകളില്‍ ഉച്ചരിക്കപ്പെടുന്ന ശബ്ദങ്ങളും ഒന്നുതന്നെയാണെന്ന് ഓരോ ഭാഷയിലെയും സ്വര വ്യഞ്ജനങ്ങള് പരിശോധിച്ചാല് മനസ്സിലാകും.

ദ്രാവിഡ ഭാഷകള്‍ ഒഴിച്ചുള്ള ഇന്ത്യന്‍ ഭാഷകളും പേര്ഷ്യന്‍ ഇറാനിയന്‍ ഭാഷകളും യൂറോപ്യന്‍ ഭാഷകളായ ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഗ്രീക്ക്, ഇറ്റാലിയന്‍, തുടങ്ങി 440ഓളം ഭാഷകള് ഇന്തോ-യൂറോപ്യന്‍ ഭാഷാകുടുംബത്തില്‍ നിലവിലുള്ളതായി കണക്കാക്കപ്പെടുന്നു. ഈ ഗോത്രത്തില്നിന്നും ഉരുത്തിരിഞ്ഞ യൂറോപ്യന്‍ ഭാഷകളിലേറെയും ഉപയോഗിക്കുന്നത് ലാറ്റിന്‍ (roman) ലിപിരൂപമാണ്. ഗ്രീക് അക്ഷരമാലയില്‍നിന്നും രൂപംകൊണ്ട ക്യൂമിയന്‍ (cumaean) ലിപിയില്നിന്നും ഉരുത്തിരിഞ്ഞുവന്ന എക്രൂസ്കനില്നിന്നാണ് ലാറ്റിന്‍ ലിപി ഉണ്ടായിട്ടുള്ളത്. റോമാനിക്, കെല്റ്റിക്, ജര്മാനിക്, അക്രിലിക്, സ്ലാവിക് ഭാഷകളില്‍ ലാറ്റിന്‍ ലിപി ഉപയോഗിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനിവല്ക്കരണവും ക്രിസ്തുമതത്തിന്റെ പ്രചാരണവും ഇവാഞ്ചലിസവും ഈ ലിപി ലോകവ്യാപകമാകാന്‍ വഴിതതളിച്ചു. ഇന്ത്യന്‍ ഭാഷകളിലെന്നപോലെ അക്ഷരങ്ങളെ അതേപടി ഉച്ചരിക്കാത്തതിനാല്‍ ഇത്തരം ലിപികളെ വര്ണ്ണമാലയായി കണക്കാക്കുന്നു. വ്യഞ്ജനങ്ങളു(consolant) സ്വരങ്ങളും (vowel) ഉപയോഗിച്ച് spelling ഉണ്ടാക്കിയാണ് ഉച്ചാരണം രൂപപ്പെടുത്തുന്നത്. അതിനാല്‍ ഈഭാഷകളിലെ നിഘണ്ടുകളില് ഉച്ചാരണം ചില ധ്വനി ചിഹ്നങ്ങളുപയോഗിച്ച് പ്രത്യേകം കാണിച്ചിരിക്കും.

സിന്ധു നാഗരികതയില്നിന്നും കണ്ടെടുക്കപ്പെട്ട ലിപിമുദ്രകള്‍ ഇതേവരെ പൂര്ണ്ണമായും വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സിന്ധുനദീതടത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പുരാതനലിപികളില്നിന്നും പരിണമിച്ചുണ്ടായതാണ് ബ്രാഹ്മി എന്ന വാദത്തിനാണ് കൂടുതല് പ്രചാരം. ബി. സി. ആറാംനൂറ്റാണ്ടുമുതല്‍ . ഡി. നാലുവരെ ബ്രാഹ്മി വ്യവഹാരത്തിലുണ്ടായിരുന്നു. ഇതു ക്രമേണ രണ്ടു പ്രമുഖശാഖകളായി പരിണമിച്ചു. ഉത്തരശാഖയില്നിന്നും ഹിന്ദി, ബംഗാളി തുടങ്ങിയ ഉത്തരേന്ത്യന്‍ ഭാഷകള്ക്കടിസ്ഥാനമായ ദേവനാഗരിയും ദക്ഷിണശാഖയില്നിന്നും ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട തമിഴ്, തെലുങ്ക്,കന്നഡ, മലയാള, സിഹള ലിപികളും ഉണ്ടായതായി കരുതുന്നു. അശോക ബ്രാഹ്മി (വടക്കന്‍) തമിഴ് ബ്രാഹ്മി (തെക്കന്‍) എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ ഒരേകാലത്തുതന്നെ ബ്രാഹ്മി ലിപിയില്‍ നിലനിന്നിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മി ലിഖിതങ്ങളുടെ ഗ്യാലറി എന്നറിയപ്പെടുന്ന എടക്കല്‍ ഗുഹയില്‍ ഒരേ കാലത്ത് എഴുതപ്പെട്ട വടക്കന്‍ ബ്രാഹ്മിയുടെയും തമിഴ് ബ്രാഹ്മിയുടെയും ലിപിഭേദങ്ങള്‍ വായിച്ചെടുക്കപ്പെട്ടത് ഇതിന്നുദാഹരണമാണ്. ബ്രാഹ്മി കാലഘട്ടത്തില്ത്തന്നെ ഖരോഷ്ഠി ലിപികളും നിലവിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അരാമിക്- സെമിറ്റിക് ഗോത്രത്തോടാണ് ഖരോഷ്ഠി ലിപികള്ക്കു സാമ്യം.

സൈന്ധവമുദ്രകള്‍ വായിച്ചെടുക്കാന്‍ കൊളോണിയല് ഗവേഷകരും അവരുടെ പാത പിന്തുടര്ന്ന ഇന്ത്യന്‍ ഗവേഷകരും പരാജയപ്പെട്ടപ്പോള് നാലായിരത്തോളം സൈന്ധവമുദ്രകള് ശേഖരിച്ച് തരംതിരിക്കുകയും അടിസ്ഥാനമുദ്രകള്‍ കണ്ടെത്തി തന്റെ സിദ്ധാന്തം രൂപീകരിക്കുകയും ചെയ്ത ശ്രീ കെ കെ രാമനെ (1912-2001) ഓര്ക്കാതിരിക്കാന്‍ പറ്റില്ല. സൈന്ധവമുദ്രകള്‍ വെറും ചിത്രലിപിമാത്രമാണെന്ന് പലരും തള്ളിക്കളഞ്ഞപ്പോള്‍ അത് തികച്ചും phonetic (ധ്വനിമൂലക) ലിപയാണെന്ന് അദ്ദേഹം അര്ത്ഥം വ്യാഖ്യാനിച്ചു സമര്ത്ഥിച്ചു. സൈന്ധവര്‍ സംസാരിച്ചിരുന്ന പൂര്‍ വ്വദ്രാവിഡഭാഷയും അതിന്റെ ഉല്പത്തിരഹസ്യവും അദ്ദേഹം മനസ്സിലാക്കി. നിലവിലുള്ള കൊളോണിയല് ഉല്പന്നമായ ഭാഷാശാസ്ത്രരീതികളുടെയും മതപരമായ ആത്മീയതയുടെയും കപടമുഖമാണ് അനാവരണം ചെയ്യപ്പെട്ടത്. മനഷ്യന്റെ ലൈംഗിക അവയവങ്ങളുമായി ബന്ധപ്പെട്ടാണ് ഭാഷയും ദൈവവും മതവും ഉണ്ടാക്കപ്പെട്ടിരിക്കുന്നതെന്നും സൈന്ധവസംസ്കാരമാണ് എല്ലാ മതങ്ങളുടെയും ഭാഷകളുടെയും ഉറവിടെമെന്നും രാമന്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. അക്കാദമിക് പിന്തുണയില്ലായ്മയും പൌരോഹിത്യവിരുദ്ധതയും കാരണം പഠനങ്ങള്‍ ഇന്നും അവഗണിക്കപ്പെട്ടുകിടക്കുകാണ്.  (ഫിന്നിഷ് ഇന്തോളജിസ്റ്റും സിന്തോളജിസ്റ്റുമായ Asko Parpola ഇന്ത്യയിലും പാക്കിസ്ഥാനിലും സഞ്ചരിച്ച് സൈന്ധവസീലുകളുടെ കഴിയുന്നത്ര ഒറിജിനല്‍ ഫോട്ടോഗ്രാഫുകള്‍ ശേഖരിക്കുകയും കമ്പ്യൂട്ടര്‍ വിശകലനത്തിലുടെ വ്യക്തതവരുത്തി 1994 ല്‍ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി. വൈദികസങ്കലനം നടക്കുന്നതിനുമുമ്പുള്ള ഏറ്റവും പഴയ ലിപികള്‍ പൂര്‍വകാല തമഴ് ഭാഷയുമായി ബന്ധപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്‍റെ നിഗമനം. 2009 ല്‍ ആദ്യത്തെ ക്ലാസിക്കല്‍ തമിഴ് അവാര്‍ഡ് നല്‍കി തമിഴ്നാട് ഗവണ്മെന്റ് അദ്ദേഹത്തെ ബഹുമാനിച്ചു. റഷ്യന്‍ ലിപിശാസ്ത്രജ്ഞനായ യൂറി നോറോസോവും സംഘവും നടത്തിയ കമ്പ്യൂട്ടര്‍ വിശകലനത്തിലും സൈന്ധവലിപിക്കുപിന്നിലുള്ളത് ദ്രാവിഡഭാഷയാണെന്ന് പറഞ്ഞിട്ടുണ്ട്. )

ഉച്ചരിക്കപ്പെടുന്ന ശബ്ദങ്ങളെ അതേരീതിയില്‍ പകര്ത്തുന്നതിനാല്‍ മലയാളലിപി വര്ണ്ണമാലയല്ല; അക്ഷരമാലയാണ്. സ്വരവര്ണ്ണങ്ങള് സ്വയം ഉച്ചാരണക്ഷമമാണെങ്കിലും വ്യഞ്ജനങ്ങള്ക്ക് സ്വരം ചേര്ന്നാലേ ഉച്ചാരണമുള്ളൂ. വ്യഞ്ജനങ്ങളെ ക്, ത് എന്നിങ്ങനെ അര്ദ്ധാക്ഷരങ്ങളായി എഴുതാമെങ്കിലും ക്+അ എന്ന് സ്വരം ചേരുമ്പോളാണ് '' ആകുന്നത്. ദേവനാഗിരിലിപിയിലുള്ള അക്ഷരങ്ങള്ക്കുപുറമെ ,,,റ്റ,ന(വര്സ്യം)എന്നീ ദ്രാവിഡാക്ഷരങ്ങളും, സ്വതന്ത്രമായുച്ചരിക്കുന്ന ചില്ലുകളും മലയാളത്തിലുണ്ട്. അതിനാല്‍ ഏറെക്കുറെ ലോകഭാഷയിലെ ഏതുശബ്ദവും മലയാളലിപിയില്‍ രേഖപ്പെടുത്താന്‍ കഴിയും. ഫോണറ്റിക് ലിപികളില്‍ ഏറ്റവും പൂര്ണ്ണത കൈവരിച്ച ഭാഷ മലയാളംതന്നെയാണ്. ലോകഭാഷകളുടെ ശരിയായ ഉച്ചാരണം രേഖപ്പെടുത്താനുള്ള പൊതുലിപിയായി മലയാളം അക്ഷരമാലയെ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.. ഇന്നു ഫാഷനുവേണ്ടി 'മലയാലം' കുരച്ചുകുരച്ചു പറയുന്ന പുതുതലമുറ മാതൃസ്വത്തായി തങ്ങള്‍ക്കുകിട്ടിയ എത്ര അമൂല്യമായ സിദ്ധിയാണ് നഷ്ടപ്പെടുത്തിക്കളയുന്നതെന്ന് അറിയുന്നില്ല!
====================================================================
SubramanianKuttikkol, P.O.Kuttikkol ,Taliparamba. Kannur Dst. PIN-670562
Phone- 9495723832
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ